കാപ്പ നിയമം കര്‍ശനമാക്കും: ജില്ലാ പൊലിസ് മേധാവി
ആലപ്പുഴ: ജില്ലയില്‍ കാപ്പ നിയമം കര്‍ശനമായും കാര്യക്ഷമമായും നടപ്പിലാക്കുമെന്ന് പൊലിസ് മേധാവി മുഹമ്മദ് റഫീക്ക് സുപ്രഭാതത്തോട് പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് രേഖമൂലം നിയമം നടപ്പിലാക്കാനുളള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാപ്പ നിയമം ചുമത്തുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും താന്‍ നേരിട്ട് ഇടപെടല്‍ നടത്തും.
ഇത്തരം ആവശ്യം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ഉണ്ടാകുന്നതിന് മുമ്പെ നിയമം കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും പൊലീസ് ചീഫ് പറഞ്ഞു. 2014,15 വര്‍ഷങ്ങളില്‍ കാപ്പ ചുമത്തിയവരുടെ പട്ടിക ജില്ലയില്‍ വിരളമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്തും.
2017 ലെ കണക്കുകളില്‍ കാതലായ മാറ്റം വരും. സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ആലപ്പുഴ ജില്ല ഒന്നാമതെത്തിയെന്ന് ചില വാര്‍ത്താമാധ്യമങ്ങളില്‍ വന്ന കണക്ക് തെറ്റാണ്.മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുണ്ടകളെ തരംതിരിച്ചപ്പോഴുണ്ടായ പിഴവാണ് അത്തരത്തിലൊരു കണക്കിന് ഇടയാക്കിയത്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രധാനമായും സാമൂഹ്യ വിരുദ്ധരെ നീരീക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുളളത്. ഇവരെ സഹായിക്കുന്നവരെയും നിരീക്ഷിക്കും. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടില്ല. മറിച്ച് മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇവരെ നിരീക്ഷിക്കാനും നീക്കങ്ങള്‍ മനസിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമീപ ദിവസങ്ങളില്‍ ജില്ലയുടെ തെക്കന്‍ മേഖലകളില്‍ നടന്ന കൊലപാതകങ്ങളില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മുഴുവന്‍ പ്രതികളെയും പിടിക്കൂടി കഴിഞ്ഞു. ഇനി രണ്ടുപേര്‍ മാത്രമെ പിടിയിലാകാനുളളു. ഇവര്‍ പൊലീസ് വലയത്തിലാണ്. ജുവനല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊണ്ടാണ് അറസ്റ്റ് വൈകുന്നത്. മാത്രമല്ല കൊല്ലപെട്ട മൂന്നുപേരും 2011 മുതല്‍ വിവിധ കേസുകളില്‍ പ്രതികളാണ്. മരിച്ച ഉല്ലാസിന് പതിനഞ്ചോളം കേസുകളാണുണ്ടായിരുന്നത്. മറ്റുളളവരും ഒട്ടും പിന്നിലല്ല.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസ് അന്വേഷിക്കാനുളള സംഘത്തില്‍ താനുളളതായി ചില വാര്‍ത്തകള്‍ പുറത്തുവന്നു.
ഇത് അടിസ്ഥാനരഹിതമാണ്. താന്‍ അന്വേഷണ സംഘത്തിലില്ലെന്നും പൊലീസ് ചീഫ് പറഞ്ഞു. ജില്ലയില്‍ പൊലിസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് ആളുകളെ നിയോഗിച്ചശേഷം ബാക്കി മുഴുവന്‍ പേരെയും ഫീല്‍ഡില്‍ അണിനിരത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."