റാഫേല്‍: മോദി എന്തുകൊണ്ട് പാര്‍ലമെന്റിനെ അഭിമുഖീകരിക്കുന്നില്ല: ദേവഗൗഡ
ബംഗളൂരു: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്.ഡി ദേവഗൗഡയും രംഗത്ത്. ഇടപാട് സംബന്ധിച്ച് വലിയ വിവാദങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവരാണ് പ്രധാനമന്ത്രിക്കു പകരം വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്താണ് ദേവഗൗഡ ഇന്നലെ മോദിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.
ഇത്തരമൊരു വിഷയത്തില്‍ വിവാദങ്ങളൊന്നുമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് സഭയിലെത്തി മോദി വിശദീകരണം നല്‍കാന്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കുന്ന വിശദീകരണം പാര്‍ലമെന്റിനെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായതല്ല. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചപ്പോഴെല്ലാം പ്രതിരോധ മന്ത്രി മാത്രമാണ് പ്രതിരോധിക്കാന്‍ എത്തിയത്. എന്തുകൊണ്ട് പ്രധാനമന്ത്രി സംസാരിക്കാന്‍ തയാറാകുന്നില്ല. നിര്‍മല സീതാരാമന്‍ സംസാരിക്കുന്നത് വിഷയത്തിന്റെ ആധികാരികത മനസിലാക്കിയല്ലെന്നും ദേവഗൗഡ ആരോപിച്ചു.
റാഫേല്‍ ഇടപാടില്‍ കുറ്റാരോപിതന്‍ പ്രധാനമന്ത്രിയാണ്. ആ സാഹചര്യത്തില്‍ അദ്ദേഹം സഭയിലെത്തി വ്യക്തമായ മറുപടി നല്‍കുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് മുന്നില്‍ മോദിക്കെതിരേ മോശം പ്രതിച്ഛായയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇല്ലാതാക്കാന്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കുക മാത്രമാണ് പോംവഴിയെന്നും മുന്‍പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അഭിമുഖങ്ങളും 200ഓളം റാലികളും നടത്തിയിട്ട് കാര്യമില്ല.
അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് പാര്‍ലമെന്റിനെ അഭിമുഖീകരിക്കുക എന്നത്- ദേവഗൗഡ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."