തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക: തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടിസ്
കൊച്ചി: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക പ്രകാരം കരട് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനെതിരായ ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടിസ് അയച്ചു. 2019ലെ വോട്ടര്‍ പട്ടിക നിലനില്‍ക്കെ 2015ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടിക അടിസ്ഥാനമാക്കുന്നതിന്റെ കാരണം വ്യക്തമാക്കാനാണ് നിര്‍ദേശം. വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് 2015-ലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്റെ നിലപാടിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രശ്ന സങ്കീര്‍ണമായേക്കും.
2019-ലെ വോട്ടര്‍ പട്ടികയെ തദ്ദേശ തെരഞ്ഞെടുപ്പിനായി അടിസ്ഥാനമാക്കണമെന്ന എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും ആവശ്യത്തെയാണ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം വി.ഭാസ്‌കരന്‍ തള്ളിയത്. ഇതോടെ 2015-ന് ശേഷം 18 വയസ് പൂര്‍ത്തിയായവരെല്ലാം വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ടിയും വരും.
2015-ലെ വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം സമയമുണ്ടായിട്ടും അവസാന ഘട്ടത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് അംഗീകരിക്കില്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. വാര്‍ഡുകള്‍ പുനക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയും ശക്തമായി യു.ഡി.എഫ് എതിര്‍ക്കുന്നു. എന്നാല്‍ എല്‍.ഡി.എഫ് ഇതിനെ പിന്തുണയ്ക്കുകയാണ്.
2019-ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍പട്ടിക പുതുക്കാന്‍ 10 കോടിയോളം രൂപ ചെലവ് വേണ്ടിവരുമെത്രെ. വാര്‍ഡ് വിഭജനം ഭാരിച്ച ഉത്തരവാദിത്വമായി മുന്നിലുള്ളതിനാല്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന ജോലി കൂടി ഏറ്റെടുക്കുന്നത് അമിതഭാരം സൃഷ്ടിക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വി.ഭാസ്‌കരന്റെ പക്ഷം. മാത്രവുമല്ല നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള പട്ടികയിലുണ്ടോ എന്ന് ഉറപ്പാക്കേണ്ടതും വോട്ടര്‍മാരുടെ ബാധ്യതയാകും.
നാദാപുരത്തെ മുസ്ലിം ലീഗ് നേതാക്കള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നോട്ടിസ് അയച്ചത്. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതില്‍ കമ്മീഷന് സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. കമ്മിഷന്റെ തീരുമാനമാണ് അന്തിമമെന്നും അതുമായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. എന്നാല്‍, ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."