റാണി, ചിത്തിര കായല്‍ പാടശേഖരങ്ങളെ ജൈവ നെല്‍വിത്ത് ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന്
ആലപ്പുഴ: റാണി, ചിത്തിര കായല്‍ പാടശേഖരങ്ങളെ ജൈവ നെല്‍വിത്ത് ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടിനുശേഷം കൃഷിയിറക്കിയ റാണി കായല്‍ പാടശേഖരത്തെ കൊയ്ത്ത് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡ്രോണ്‍സ് (യു.എ.വി) ഉപയോഗിച്ച് പാടശേഖരത്തിന്റെയും കൃഷിചെയ്യുന്ന സ്ഥലത്തിന്റെയും വിസ്തൃതി കണ്ടെത്തുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ പരിശോധന ഉടന്‍ നടത്തും. കുട്ടനാട്ടില്‍ വിത്ത് ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം റാണി-ചിത്തിര ബ്ലോക്കുകളെ ജൈവ നെല്‍വിത്തിന്റെ കേന്ദ്രമാക്കാനാണ് ശ്രമം. സംസ്ഥാനത്ത് നെല്‍വിത്ത് ഉത്പാദനത്തിനായി 3,800 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. വരള്‍ച്ചമൂലം പലയിടത്തും കൃഷി ഇറക്കാനായില്ല. 770 ഹെക്ടറായി ഇതു ചുരുങ്ങി. അടുത്ത സീസണില്‍ 10,000 ടണ്‍ നെല്‍വിത്താണ് വേണ്ടത്. നിലവില്‍ 3,800 ടണ്‍ മാത്രമാണുള്ളത്. വിത്ത് ലഭ്യമാക്കുന്നതിനായി ദേശീയ സീഡ് അതോറിറ്റിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. വിത്തിന്റെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. അധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ കാര്‍ഷികമേഖലയില്‍ ഉപയോഗപ്പെടുത്തും.
മണ്ണിന്റെ സാമ്പിള്‍ പരിശോധിച്ച് സൂക്ഷ്മ ലവണങ്ങള്‍ മനസിലാക്കി ആവശ്യത്തിനുമാത്രം ജൈവ വളം ഉപയോഗിക്കുന്നതിന് കര്‍ഷകരെ സഹായിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിവരുന്നു. മെത്രാന്‍ കായലില്‍ മാര്‍ച്ചില്‍ വിളവെടുക്കും. റാണിയില്‍ 525 ഏക്കറിലാണ് കൃഷിയിറക്കിയത്. 210 ഹെക്ടര്‍ വരുന്ന റാണിയില്‍ 1992 ലാണ് അവസാനമായി കൃഷിയിറക്കിയത്. 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്. റാണി-ചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈല്‍ ആന്‍ഡ് സല്‍ബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണി-ചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13-ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു.
90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്. 2014ല്‍ ചിത്തിരയില്‍ കൃഷിയിറക്കിയിരുന്നു.
റാണിക്കായലില്‍ 2015ല്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷം കൃഷി മന്ത്രി കായല്‍ സന്ദര്‍ശിച്ച് കൃഷിക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. ജസ്റ്റിസ് കെ. സുകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മധു സി. കൊളങ്ങര, കമലമ്മ ഉദയാനന്ദന്‍, ഗ്രാമപഞ്ചായത്തംഗം സുശീല ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം, പാടശേഖരസമിതി ഭാരവാഹികളായ എ. ശിവരാജന്‍, എ.ഡി. കുഞ്ഞച്ചന്‍, ജെ. മണി, അഡ്വ. വി. മോഹന്‍ദാസ്, ജോസ് ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍ സുബൈര്‍ കുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. രമാദേവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."