മഴവില്ലഴകില്‍ ടോട്ടനം
ലണ്ടന്‍: മഴവില്ലഴക് വിരിയിച്ച് എഫ്.എ കപ്പില്‍ ടോട്ടനത്തിന്റെ ഗോള്‍ മഴ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും ജയം. എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ട്രാന്‍മേരെ റോവേഴ്‌സിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ത്തിന് റീഡിങ്ങിനെ വീഴ്ത്തിയപ്പോള്‍ ചെല്‍സി 2-0 ന് നോട്ടിങ്ഹാം ഫോറസ്റ്റിനെയും കെട്ടുകെട്ടിച്ചു.
ലോറന്റെയുടെ ഹാട്രിക് ബലത്തിലാണ് ടോട്ടനം ട്രാന്‍മേരെ റോവേഴ്‌സിനെ പരാജയപ്പെടുത്തിയത്. ടോട്ടനത്തിന് വേണ്ടി ഒറിയര്‍ രണ്ട് ഗോളും സണ്‍, ഹാരി കെയ്ന്‍ എന്നിവര്‍ ഓരോ ഗോളും നേടി.
ഒലെ ഗണ്ണര്‍ സോല്‍ഷ്യാറിന്റെ വരവോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വസന്തകാലം തിരികെ എത്തിയിരിക്കുകയാണ്. മൗറിഞ്ഞോക്ക് പകരം പരിശീലകനായി ചുമതലയേറ്റ സോല്‍ഷ്യാറിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഇന്നലെ കരസ്ഥമാക്കിയത്. മാഞ്ചസ്റ്ററിന് വേണ്ടി മാട്ട (22 പെനാല്‍റ്റി), ലുക്കാക്കു (45+4) മിനുട്ടുകളില്‍ ഗോളുകള്‍ നേടി. മുന്‍നിര താരങ്ങളെ പുറത്തിരുത്തി കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ മത്സരത്തില്‍ നിരവധി മിസ്പാസുകള്‍ വരുത്തിയെങ്കിലും മത്സരം വരുതിയിലാക്കി.
ഫോമിലേക്ക് തിരിച്ചെത്തിയ അല്‍വാരോ മൊറാട്ടയുടെ ഇരട്ട ഗോള്‍ മികവിലാണ് ചെല്‍സിയുടെ വിജയം. 49, 59 മിനുട്ടുകളിലാണ് താരം വലചലിപ്പിച്ചത്. മറ്റു പ്രധാന മത്സരങ്ങളില്‍ ബ്രൈറ്റണ്‍ 3-1ന് ബേണ്‍മൗത്തിനെയും വെസ്റ്റ്ഹാം യുനൈറ്റഡ് 2-0ത്തിന് ബിര്‍മിങ്ഹാം സിറ്റിയെയും പരാജയപ്പെടുത്തി. എവര്‍ട്ടന്‍ 2-1ന് ലിങ്കണ്‍ സിറ്റിയെ വീഴ്ത്തിയപ്പോള്‍ ഡര്‍ബി കൗണ്ടിയും സൗതാംപ്റ്റണും 2-2 സമനില പാലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."