ക്രമക്കേട് അവസാനിപ്പിക്കാന്‍ ബിവ്‌കോയില്‍ തുടങ്ങിയ കംപ്യൂട്ടര്‍വത്കരണം അട്ടിമറിച്ചു
തിരുവനന്തപുരം: ചില പ്രത്യേക ബ്രാന്‍ഡുകള്‍ മാത്രം വിറ്റഴിച്ചും മദ്യ കമ്പനികളില്‍നിന്നു കമ്മിഷന്‍ വാങ്ങിയും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ നടക്കുന്ന ക്രമക്കേട് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സമ്പൂര്‍ണ കംപ്യൂട്ടര്‍വത്കരണവും അട്ടിമറിക്കപ്പെട്ടു. പണം കിട്ടുന്ന വഴികള്‍ പൂര്‍ണമായി അടയുമെന്നു കണ്ടതോടെ കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍തന്നെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.
ജനുവരി ഒന്നുമുതല്‍ കംപ്യൂട്ടര്‍വത്കരണം നടപ്പാക്കണമെന്നായിരുന്നു കോര്‍പ്പറേഷന് എം.ഡിയുടെ നിര്‍ദേശം. വര്‍ഷം 1,500 കോടിയിലേറെ വിറ്റുവരവുള്ള ബിവ്‌കോയിലെ ക്രമക്കേട് അവസാനിക്കണമെങ്കില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വത്കരണം നടപ്പാക്കണമെന്ന് വിജിലന്‍സാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഔട്ട്‌ലറ്റുകളേയും പ്രധാന ഓഫിസിനെയും ബന്ധിപ്പിച്ചുള്ള കംപ്യൂട്ടര്‍വത്കരണത്തിനും കോര്‍പ്പറേഷന്‍ തുടക്കമിട്ടു.
ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മദ്യം, സ്ഥിരമായി സ്റ്റോക്ക് ഇരിക്കുന്നവ, പെട്ടെന്ന് വില്‍ക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അന്നന്നുതന്നെ ഔട്ട്‌ലറ്റിനൊപ്പം ഹെഡ്ഓഫിസിലും അറിയാന്‍ കഴിയും.
ഇതിന്റെ അടിസ്ഥാനത്തില്‍ ഔട്ട്‌ലറ്റുകളുടെ സ്വഭാവം മനസിലാക്കാനും അതിനനുസരിച്ച് സാധനങ്ങള്‍ നല്‍കാനും കഴിയും. ഇത് ഔട്ട്‌ലറ്റുകളിലുള്ള ജീവനക്കാര്‍ക്കും കമ്പനികളുമായി ഇടപെടുന്ന ഉദ്യോഗസ്ഥര്‍ക്കും തിരിച്ചടിയാകും. ഈ തിരിച്ചടി മുന്നില്‍കണ്ടാണ് കംപ്യൂട്ടര്‍വത്കരണത്തിനെതിരായ നീക്കം നടന്നതെന്നു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."