ഇരയാക്കപ്പെട്ടവരില്‍ ഏറെയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍
കൊണ്ടോട്ടി: നിയമം കര്‍ശനമാക്കുമ്പോഴും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ വര്‍ധന. 2018 നവംമ്പര്‍ വരെ സംസ്ഥാനത്ത് 2900 കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് പൊലിസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ ആകെ 2697 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ കേസുകളില്‍ വലിയ വര്‍ധനവാണുള്ളത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ മലപ്പുറമാണ് മുന്നില്‍. 371 കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 103 കേസുകള്‍.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് കൂടുതലും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനാണ്. 31 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. അധ്യാപകര്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വരെ പ്രതികളാണ്.
2018 നവംബര്‍ വരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ ജില്ല തിരിച്ച കണക്കുകള്‍ ഇങ്ങനെ. തിരുവനന്തപുരം -363, കൊല്ലം -254, ആലപ്പുഴ -160, കോട്ടയം -145, ഇടുക്കി -123, എറണാകുളം -248, തൃശൂര്‍ -261, പാലക്കാട് -181, കോഴിക്കോട് -254, വയനാട് -117, കണ്ണൂര്‍ -200, കാസര്‍കോട് -115. റെയില്‍വേ പൊലിസ് മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിന്റെ ഭാഗമായി 2012 ലാണ് പോക്‌സോ നിലവില്‍ വന്നതെങ്കിലും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ബാലാവകാശ കമ്മിഷനും സംസ്ഥാന പൊലിസും നല്‍കുന്ന പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു വര്‍ഷം കൊണ്ട് പോക്‌സോ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് നിയമത്തില്‍ അനുശാസിക്കുന്നത്. എന്നാല്‍, പ്രത്യേക കോടതികള്‍ ഇല്ലാത്തതിനാല്‍ കേസുകള്‍ പരിഗണിക്കാനാവുന്നുമില്ല.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പോക്‌സോ കേസുകള്‍ക്കായി പ്രത്യേക കോടതിയുള്ളത്. കോടതികള്‍ എല്ലാ ജില്ലകളിലും വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."