ആള്‍താമസമില്ലാത്ത ഇരുനില വീട് കത്തിനശിച്ചു
വാടാനപ്പള്ളി: വലപ്പാട് ആള്‍താമസമില്ലാത്ത ഇരുനിലവീട് കത്തിനശിച്ചു. വലപ്പാട് മീന്‍ചന്തയ്ക്ക് പടിഞ്ഞാറ് പുതിയവീട്ടില്‍ സിറാജുദ്ദീന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. വിദേശത്തായിരുന്ന സിറാജുദ്ദീനും കുടുംബവും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
ആറ് മാസത്തോളം വിദേശത്തായതിനാല്‍ വീടിന്റെ അറ്റകുറ്റപണി നടത്തി ഇന്നു മുതല്‍ താമസം തുടങ്ങാനായിരിക്കെയായിരുന്നു അപകടം.
ഇന്നലെ സിറാജുദ്ദീനും കുടുംബവും ബന്ധുവീട്ടിലാണ് കഴിഞ്ഞത്. പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് ഇരുനിലവീട്ടില്‍ തീ കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലിസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രണ്ടുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ രാവിലെ ഏഴോടെയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ ഇന്റീരിയര്‍, ഫര്‍ണീച്ചര്‍, വലിയ എല്‍.ഇ.ഡി ടി.വി ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വാതിലുകള്‍, മറ്റ് വീട്ടുപകരണങ്ങളെല്ലാം അഗ്‌നിക്കിരയയായി. ജനല്‍ചില്ലുകളെല്ലാം തകര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."