സുഭാഷ് വാസു കോടികളുടെ തിരിമറി നടത്തിയെന്ന് മാവേലിക്കര എസ്.എന്‍.ഡി.പി നേതൃത്വം
ആലപ്പുഴ: സുഭാഷ് വാസു കോടികളുടെ തിരിമറി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര എസ്.എന്‍.ഡി.പി യൂനിയന്‍ നേതൃത്വം രംഗത്തെത്തി.
മാവേലിക്കര യൂനിയന്‍ പ്രസിന്റായിരുന്ന സുഭാഷ് വാസുവും കൂട്ടരും മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ ബാങ്കുകളുമായുള്ള ഇടപാടില്‍ വന്‍തിരിമറി നടത്തിയെന്നാണ് ഇവരുടെ ആരോപണം.
ധനലക്ഷ്മി ബാങ്കിലെ മാവേലിക്കര ബ്രാഞ്ചില്‍നിന്ന് മാത്രം 76 സംഘങ്ങള്‍ക്ക് വായ്പ നല്‍കിയതായി രേഖയുണ്ട്. സംഘങ്ങള്‍ യൂനിയനില്‍ അടച്ച തുകയും ബാങ്കില്‍ വായ്പ നീക്കിയിരിപ്പും തമ്മില്‍ ലക്ഷങ്ങളുടെ വ്യത്യാസമാണ് കാണിക്കുന്നത്.
സംഘങ്ങള്‍ അടച്ച തുകയില്‍നിന്ന് ഏകദേശം ഒരു കോടി നാലുലക്ഷം രൂപ ഇവിടെനിന്ന് മാത്രം തിരിമറി നടത്തിയെന്നാണ് പ്രധാന ആരോപണം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 56 സംഘങ്ങള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്. തിരിച്ചടവുമായി ബന്ധപ്പെട്ട് 48 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്നും എസ്.എന്‍.ഡി.പി നേതാക്കള്‍ ആരോപിച്ചു.
മാവേലിക്കര എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെയുള്ളവ കടത്തിയ സുഭാഷ് വാസു അത് വ്യക്തിപരമായ സ്വത്താണെന്ന് പറയുന്നത് വഞ്ചനയാണ്. ഇത് തിരികെ ലഭിക്കാന്‍ നിയമപരമായി പോരാടും.
കട്ടച്ചിറയിലെ സുഭാഷ് വാസുവിന്റെ വീട്ടില്‍ സ്പിരിറ്റ് ലോറി പൊട്ടിത്തെറിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ചെന്നും ഈ കേസ് പുനരന്വേഷിക്കണമെന്നും യൂനിയന്‍ നേതൃത്വം ആവശ്യപ്പെട്ടു.
മാവേലിക്കര എസ്.എന്‍.ഡി.പി യൂനിയന്‍ നേതാക്കളായ ദയകുമാര്‍ ചെന്നിത്തല, ഷാജി എന്‍ പണിക്കര്‍, എസ്.എല്‍ ലാല്‍, ഗോപന്‍ ആഞ്ഞിലിപ്ര, ബിനു ധര്‍മ്മരാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."