ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിന് ഇന്നു തുടക്കം
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മൂന്നാമതു ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിന് ഇന്നു തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ തുടക്കമാവും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍, പരിസ്ഥിതി- ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10ന് ജൈവവൈവിധ്യ പരിപാലനസമിതി സംഗമവും നടക്കും. ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി 'നാഷണല്‍ ബയോഡൈവേഴ്‌സിറ്റി എക്‌സ്‌പോ'യും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത ജൈവവൈവിധ്യ മേഖലകളുമായി ബന്ധപ്പെട്ട നൂറോളം സ്റ്റാളുകളിലായി പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനു പുറമെ ദേശീയ ജൈവവൈവിധ്യ അതോറിറ്റി, വിവിധ സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍, വനം, ഫിഷറീസ്, കൃഷി, ടൂറിസം വകുപ്പുകള്‍, മത്സ്യഫെഡ്, കേരള കാര്‍ഷിക സര്‍വകലാശാല, കയര്‍ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടാവും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടുവരെയാണു പ്രദര്‍ശനം. നാളെ രാവിലെ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ജൈവവൈവിധ്യ കോണ്‍ഫറന്‍സ് കേന്ദ്ര പരിസ്ഥിതിവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.അമിത പ്രസാദ് ഉദ്ഘാടനം ചെയ്യും. 24നു വൈകിട്ട് നാലിനു ജൈവവൈവിധ്യ കോണ്‍ഫറന്‍സ് സമാപന സമ്മേളനം വനം-മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
25നു നടക്കുന്ന ഒന്‍പതാമത് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. 26നു രാവിലെ 10നു കര്‍ഷകരും പരിസ്ഥിതി സംഘടനകളും പങ്കെടുക്കുന്ന ഹരിതസംഗമം പരിപാടി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനു നടക്കുന്ന സമാപനസമ്മേളനം ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി തോല്‍പ്പാവക്കൂത്ത്, മന്നാന്‍ കൂത്ത്, തുടിതാളം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."