നഗരസഭ ആധുനിക ശ്മശാന നിര്‍മാണം പുനരാരംഭിച്ചു
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ മാരാത്ത്കുന്ന് ഡിവിഷനില്‍ മുടങ്ങി കിടന്നിരുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. അരക്കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ശ്മശാന നിര്‍മാണം തുടര്‍ പ്രവര്‍ത്തനമില്ലാത്തതിനാല്‍ മാസങ്ങളായി സ്തംഭിച്ച് കിടക്കുകയായിരുന്നു.
സുപ്രഭാതം ഈ വാര്‍ത്ത പുറത്ത് വിട്ട ഉടന്‍ നഗരസഭ പ്രശ്‌നത്തില്‍ ഇടപെടുകയും സ്ഥിരം സമിതി അധ്യക്ഷനും, ഡിവിഷന്‍ കൗണ്‍സിലറുമായ എം.ആര്‍ സോമനാരായണന്റെ നേതൃത്വത്തില്‍ നിര്‍മാണം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമായിരുന്നു.
2014-15 സാദക വര്‍ഷത്തിലാണ് മുന്‍ വടക്കാഞ്ചേരി പഞ്ചായത്ത് ഭരണ സമിതി എങ്കക്കാട് പൊതു ശ്മശാനത്തോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്യാസ് ക്രിമിറ്റോറിയം ആരംഭിക്കാന്‍ തീരുമാനമെടുത്തത്. 46 ലക്ഷം രൂപയാണ് ആകെ അടങ്കല്‍ തുക. ഇതില്‍ 20 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, 17 ലക്ഷം വടക്കാഞ്ചേരി പഞ്ചായത്ത് തനത് ഫണ്ടും ഒന്‍പത് ലക്ഷം ജില്ലാ പഞ്ചായത്ത് വിഹിതവും ആയിരുന്നു. കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല.
പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെട്ടിട നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞ സ്ഥിതിയാണ്. ഇനി നടക്കാനുള്ളത് കെട്ടിടത്തിന്റെ അടിപണികളും മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള യന്ത്രം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ്.
പണി പുരോഗമിക്കുന്നതിനിടയിലാണ് നഗരസഭ തെരഞ്ഞെടുപ്പ് എത്തിയത്. വടക്കാഞ്ചേരി പഞ്ചായത്ത് തന്നെ ഇല്ലാതാവുകയും മുണ്ടത്തിക്കോടുമായി ചേര്‍ന്ന് നഗരസഭ നിലവില്‍ വരുകയും ചെയ്തതോടെ മാനദണ്ഡങ്ങളും പ്രതിസന്ധിയായി.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗരസഭ ഭരണ സമിതി മുന്നോട്ട് വന്നതോടെയാണ് കാട്ടുപൊന്തകള്‍ക്കിടയില്‍ പെട്ട് കിടന്നിരുന്ന അരക്കോടി രൂപയുടെ പദ്ധതിക്കും മോചനമായത്.
എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിച്ച് ശ്മശാന പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."