പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമെന്ന് ആന്റോ ആന്റണി എം.പി
കോട്ടയം: കസ്തൂരി രംഗന്‍ വിഷയത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണെന്ന് ആന്റോ ആന്റണി എം.പി. ഈ വിഷയത്തില്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി ഹൈക്കോടതിയില്‍ രണ്ട് തവണ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുകയാണ് ചെയ്തതെന്നും ആന്റോ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഭൂരിഭാഗം വരുന്ന കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ മൗനം വെടിഞ്ഞ് അടിയന്തിരമായി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സമയബന്ധിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇടക്കാല ഉത്തരവിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കേരളത്തിന് മാത്രമായി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കുമായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പലതവണ ഡല്‍ഹിയിലെത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ പോലും സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്ന ഈ വിഷയം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചില്ല.
രാഷ്ട്രീയ ഭേദമന്യേ കേരളത്തില്‍ നിന്നുള്ള എം.പിമാരെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സംസ്ഥാനത്തിന് അനുകൂലമായ ഉത്തരവ് നേടിയെടുക്കാനും മുഖ്യമന്ത്രി യാതൊരു ശ്രമവും നടത്തിയിട്ടില്ലന്ന് എം.പി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."