നോമ്പെടുത്തും തണുത്തുറഞ്ഞ രാവുകളെ പ്രര്‍ത്ഥനയാക്കിയും ഇവര്‍; ഷഹീന്‍ബാഗിലെ പെണ്‍സമരത്തിന് ഒരു മാസം
കഴിഞ്ഞ വ്യാഴാഴ്ച. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റു അറഫ. എഴുന്നേറ്റെന്ന് പറയാനാവില്ല. കഴിഞ്ഞ ഒരുമാസമായി ഉണര്‍ച്ചയിലേക്ക് തെളിയുന്നൊരു ഉറക്കമുണ്ടായിട്ടില്ല ഷഹീന്‍ബാഗിലെ പെണ്ണുങ്ങള്‍ക്ക്. ഒരു ഗ്ലാസ് പാലും രണ്ട് ബിസ്‌ക്കറ്റും കഴിച്ചു അവര്‍. അതവരുടെ അത്താഴമാണ്. വ്യാഴാഴ്ചയിലെ സുന്നത്ത് നോമ്പെടുക്കാന്‍. അറഫ മാത്രമല്ല. ആ സമരപ്പന്തലിലെ മിക്ക പോരാളികളും തിങ്കളും വ്യാഴവും നോമ്പെടുക്കുന്നു. ഈ നോമ്പും അവര്‍ക്ക് പോരാട്ടമാണ്. രാജ്യത്തെ കീറിമുറിക്കുന്ന ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ മൂര്‍ച്ചയേറിയ ആയുധമാണ് അവര്‍ക്ക് നോമ്പും തണുത്തുറഞ്ഞ രാവുകളെ ഉണര്‍ത്തുന്ന പ്രാര്‍ത്ഥനയും. മാത്രമല്ല, ഈ കറുത്ത ശക്തികള്‍ കൊന്നു കളഞ്ഞ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തോടുള്ള ആദരമാര്‍ന്ന ഓര്‍മ സമര്‍പ്പണം കൂടിയാണ് രാജ്യത്തിന്റെ കറുത്ത നാളുകളിലെ ഈ നോമ്പ്.
'ഈ ജനുവരിയിലാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത്. ആ നാളുകളില്‍ രാജ്യത്തെ മുസ്‌ലിം സഹോദരന്‍മാര്‍ക്കായി ഉപവാസമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. നോമ്പിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം ഒരു പ്രത്യേക തലത്തില്‍ ഊന്നിപ്പറയാനാവില്ല. മറ്റു മതങ്ങള്‍ക്കും അത് അങ്ങിനെത്തന്നെയാണ്. ഇവിടെ ഇത് മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പ്രതിഷേധമാണ്. പ്രര്‍ത്ഥനയാണ്'- സുപ്രിം കോടതി അഭിഭാഷകനായ നിസാം പാഷ പറയുന്നു.
'പ്രയാസം വരുമ്പോഴെല്ലാം ഞങ്ങള്‍ നോമ്പെടുക്കുന്നു. ഇത്തവണ നോമ്പെടുക്കുന്നത് സമുദായത്തിന് വേണ്ടിയാണ്, രാജ്യത്തിന് വേണ്ടിയാണ്. ഞങ്ങള്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരു പോലെയാണ്. എക്കാലവും ഇങ്ങനെ ഒന്നിച്ചു ജീവിക്കാന്‍ സാധിക്കണേ എന്നാണ് പ്രാര്‍ത്ഥനയും'- അറഫ പറയുന്നു.
'നോമ്പ് നമ്മെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ഒരു പ്രതിഷേധം, അത് നിങ്ങളുടെ കോപത്തെ തടയുന്നു. ഈ നിയന്ത്രണമാണ് ഗാന്ധിജി സത്യഗ്രഹ സമരങ്ങളിലൂടെ കൈകൊണ്ടത്'- ചരിത്രകാരന്‍ കൂടിയായ റാണ സഫ്‌വി പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമരങ്ങള്‍ തുടരുന്നു. സമരത്തിനിടെ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ അതിക്രൂരമായ പൊലീസ് അതിക്രമം അരങ്ങേറിയിട്ടും ഒരു മാസം പിന്നിട്ടു. ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം ആരംഭിച്ച് ഇന്നേക്ക് ഒരു മാസം തികയുകയാണ്.
' ഞാന്‍ നോമ്പെടുക്കുന്നത് വരും തലമുറക്കായാണ്. ഭരണകൂടം സി.എ.എയും എന്‍.ആര്‍.സിയും പിന്‍വലിക്കാനാണ്. അല്ലാഹ് ഞങ്ങളുടെ ഈ ആഗ്രഹം പൂര്‍ത്തീകരിക്കും'- 55കാരിയായ ശബ്‌നം ജഹാന്‍ പറയുന്നു.
ഡിസംബര്‍ 15ന് മരം കോച്ചുന്ന തണുപ്പില്‍ ആരംഭിച്ചതാണ് ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായി മാറി പിന്നീട് ഷാഹിന്‍ ബാഗ്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്നതാണ് ഷഹീന്‍ ബാഗിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നിലപാട്. ഒഴിപ്പിക്കാനുള്ള നടപടികള്‍ പൊലിസ് ആരംഭിച്ചിട്ടും പോരാട്ടം തുടരുകയാണ് ഷഹീന്‍ ബാഗുകാര്‍.
ഷഹീന്‍ ബാഗിനൊപ്പം സമരം ശക്തിയാര്‍ജിച്ച ഇടമായിരുന്നു ജാമിഅഃ സര്‍വകലാശാല. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിട്ടും പൊലിസ് വെടിവെപ്പ് നടത്തിയിട്ടും വിദ്യാര്‍ത്ഥികള്‍ പിന്‍മാറിയില്ല. ഒടുവില്‍ സര്‍വ്വകലാശാല അടച്ചിട്ടു. എന്നാല്‍ പിന്നീട് തുറന്നത് അതിലും വലിയ പ്രതിഷേധച്ചൂടിലേക്കായിരുന്നു. കൊടുതണുപ്പ് വകവെക്കാതെ ഉപവാസ സമരത്തിലാണ് ഇവര്‍.
എല്ലാ കടമ്പകളും കടന്ന് സമരം വിജയം കാണുന്ന ഒരു ദിനം ഉണ്ടാകുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."