ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍
തെഹ്‌റാന്‍: യു.എസുമായുള്ള സംഘര്‍ഷത്തിനിടെ ഉക്രൈന്‍ യാത്രാവിമാനം മിസൈലയച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കിവിലേക്കു പോവുകയായിരുന്ന വിമാനം ശത്രുവിമാനമെന്ന് തെറ്റിദ്ധരിച്ച് മിസൈല്‍ അയച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് ഇറാനിലെ വിപ്ലവ സേന വെളിപ്പെടുത്തിയത്. 78 ഇറാനികളും 63 കാനഡക്കാരും 11 ഉക്രൈന്‍ പൗരന്മാരുമുള്‍പ്പെടെ 176 യാത്രക്കാരും വിമാനജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.
വിമാനം തകര്‍ത്ത കാര്യം പരസ്യപ്പെടുത്താന്‍ തുടക്കത്തില്‍ മടിച്ചതിന്റെ പേരില്‍ ഇറാന്‍ ഭരണകൂടത്തിനെതിരേ ശക്തമായ പ്രക്ഷോഭമാണ് ഉണ്ടായത്. ഇതോടെയാണ് സര്‍ക്കാര്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പൊറുക്കാനാവാത്ത പിശക് വരുത്തിയതിന് കുറ്റമറ്റ അന്വേഷണം നടത്തുമെന്നാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി പറയുന്നത്. ഇതിനായി ഉന്നത റാങ്കിലുള്ള ജഡ്ജിയെ വച്ച് പ്രത്യേക കോടതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുറ്റക്കാരായവരെയെല്ലാം ശിക്ഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യും.
വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ രാജ്യങ്ങളോടും ഇറാന്‍കാരോടും സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും റൂഹാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."