ഭവന നിര്‍മാണ പദ്ധതിക്ക് പുത്തന്‍ നിയമം: നഗരസഭ വിഹിതം സ്വയം വഹിക്കുന്നവര്‍ക്ക് മാത്രം വീട് നിര്‍മാണത്തിന് അനുമതി
കുന്നംകുളം: കുന്നംകുളത്ത് പി.എം.എ.വൈ ഭവന നിര്‍മാണ പദ്ധതിക്ക് പുത്തന്‍ നിയമം. നഗരസഭ വിഹിതം സ്വയം വഹിക്കാനാകുന്നവര്‍ക്ക് മാത്രം അനുമതി നല്‍കുവെന്ന് സെക്രട്ടറി ഗുണഭോക്താക്കളെ അറിയിച്ചു. നഗരസഭ വിഹിതം തങ്ങള്‍ ആവശ്യപെട്ടില്ലെന്നും സമ്മതപത്രം നല്‍കുന്നവര്‍ക്ക് മാത്രമേ വീട് നിര്‍മാണത്തിന് തുക അനുവദിക്കുകയുള്ളു. പി.എം.എ.വൈ അപേക്ഷകരുടെ യോഗത്തില്‍നിന്നും സമ്മതപത്രം നല്‍കാത്തവരോട് സെക്രട്ടറി ഇറങ്ങിപോകാനാവശ്യപെട്ടതായും ആരോപണമുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിന് അപേക്ഷിച്ച 300ഓളം പേരെയാണ് കഴിഞ്ഞ ദിവസം നഗരസഭ ടൗണ്‍ഹാളില്‍ യോഗത്തിനായി വിളിച്ചുവരുത്തിയത്. ഇന്നലെ പകല്‍ രണ്ടോടെ വിളിച്ച യോഗത്തിന് ചെയര്‍പഴ്‌സനും സെക്രട്ടറിയുമെത്തിയത് രണ്ടു മണിക്കൂര്‍ വൈകിയാണത്രെ. തുടര്‍ന്ന് വീട് നിര്‍മാണത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ ഒന്നരലക്ഷവും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ അന്‍പതിനായിരം രൂപയും മാത്രമാണ് ഇപ്പോള്‍ നല്‍കാനാകൂ എന്നും ബാക്കി നഗരസഭ വിഹിതമായി നല്‍കേണ്ട രണ്ടുലക്ഷം രൂപ സ്വയം വഹിക്കാന്‍ തയാറുള്ളവര്‍ക്ക് മാത്രമേ സഹായം അനുവദിക്കൂ എന്നും അത് സമ്മതപത്രമായി എഴുതി നല്‍കണമെന്നും സെക്രട്ടറി ചെയര്‍പഴ്‌സന്റെ സാന്നിദ്ധ്യത്തില്‍ ആവശ്യപെട്ടതായാണ് പറയുന്നത്. നഗരസഭ തന്നെ തയാറാക്കിയ സമ്മതപത്രം വിതരണം ചെയ്ത് ഒപ്പിടാന്‍ തയാറാവാത്തവര്‍ പുറത്തു പോകണമെന്നും ആവശ്യപെട്ടു. നഗരസഭ വിഹിതം എന്ന് നല്‍കുമെന്ന് സമ്മത പത്രത്തില്‍ പറയുന്നില്ല. മറിച്ച് ഈ തുകക്ക് കാലതാമസമുണ്ടാകുമെന്ന് തങ്ങള്‍ക്കു ബോധ്യമുണ്ടെന്നും ഇത്രയും തുക സ്വയം കണ്ടെത്തി വീട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഗുണഭോക്താക്കള്‍ ഉറപ്പ് നല്‍കുന്നതാണ് സമ്മതപത്രം. മുന്‍പ് ഭവന വായ്പ അനുവദിക്കപെട്ട 670ല്‍പരം കുടംബങ്ങള്‍ക്ക് ഇപ്പോഴും ആദ്യഘഡു മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം വഴി അവരെ ചൂഷണം ചെയ്യുകയും ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഉപഭോക്താക്കളെ സെക്രട്ടറി ആക്ഷേപിക്കുകയും ചെയ്തതിന് താന്‍ സാക്ഷിയായിരുന്നുവെന്നും ഇത് ധിക്കാരപരമായ നടപടിയായിരുന്നുവെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറയുന്നു.
പി.എം.എ.വൈ പദ്ധതി കുന്നംകുളത്ത് അവതാളത്തിലാണെന്നും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ഭരണ സമതിയെ സെക്രട്ടറി ചൂഷണം ചെയ്യുകയാണെന്നും ഷാജി ആരോപിച്ചു. ഇത്തരത്തില്‍ ഒരു സമ്മതപത്രം വാങ്ങുന്നതിന് നിയമ പരമായ യാതൊരു അടിസ്ഥാനവുമില്ല.
നഗരസഭക്ക് പ്രത്യേക സാഹചര്യത്തില്‍ തീരുമാനിക്കാന്‍ കൗണ്‍സിലര്‍മാര്‍ ആരും ഇക്കാര്യം അറിഞ്ഞിട്ടു കൂടിയില്ലെന്നും പറയുന്നു. എന്നാല്‍ ഭവന നിര്‍മാണ പദ്ധതിക്ക് അപേക്ഷകര്‍ കൂടിയതിനാല്‍ പണം കണ്ടെത്താനായില്ലെന്നും വീട് നിര്‍മാണം തുടങ്ങിയ ശേഷം ഗുണഭോക്താക്കള്‍ നഗരസഭയില്‍ പണം അന്വേഷിച്ചുവരുന്ന പ്രവണത ഒഴിവാക്കാനുമായാണ് സെക്രട്ടറി ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചതെന്നും ചെയര്‍പഴ്‌സന്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."