അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു പിടിയില്‍
ഓമശേരി (കോഴിക്കോട്): അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു കോഴിക്കോട് ഓമശേരിയില്‍ പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശിയായ ആസിഡ് ബിജു എന്ന മണ്‍കുഴികുന്നേല്‍ ബിജു (44) ആണ് പൊലിസിന്റെ പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്.പി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈ.എസ്.പി പി.ബിജുരാജിന്റെയും, കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹന്‍, എസ്.ഐ പ്രജീഷ് എന്നിവരുടെയും നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഓമശേരി ടൗണില്‍ വച്ച് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മോഷണ പരമ്പരകളുടെ ചുരുളഴിയുന്നത്.
കഴിഞ്ഞ ഡിസംബര്‍ എട്ടിന് രാത്രി 11 മണിയോടെ അമ്പലക്കണ്ടിയിലുള്ള വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് ആറു പവനോളം വരുന്ന രണ്ടുമാലകള്‍ മോഷ്ടിച്ചതോടുകൂടിയാണ് ആസിഡ് ബിജുവിന്റെ കോഴിക്കോട് ജില്ലയിലെ മോഷണ പരമ്പരകളുടെ തുടക്കം. ഇതേ ദിവസം സമീപത്തുള്ള നിരവധി വീടുകളിലും ഇയാള്‍ കവര്‍ച്ചാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19ന് പിലാശേരിയിലുള്ള വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ മൂന്നു പവനോളം വരുന്ന മാലയും, ബ്രേസ്‌ലറ്റും, ബാലുശേരി പറമ്പിന്റെ മുകളിലുള്ള വീട്ടില്‍ നിന്ന് ഒന്‍പത് പവനും, കൊടുവള്ളി നരിക്കുനി റോഡിലുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ കൈയിലുള്ള ബ്രേസ്‌ലറ്റും ഇയാള്‍ മോഷ്ടിച്ചു. കൊടുവള്ളി, കിഴക്കോത്ത് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയത് താനാണെന്നും പ്രതി ചോദ്യം ചെയ്യലില്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പിടിക്കപ്പെടുമ്പോള്‍ പ്രതിയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് വാതില്‍ കുത്തി പൊളിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാര, ഉളി, വയര്‍ കട്ടര്‍ എന്നിവയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഒറ്റ രാത്രിയില്‍ ഒന്നില്‍ കൂടുതല്‍ വീടുകളില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണ ശൈലി. പ്രതി താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയില്‍ നിന്ന് പത്തര പവനോളം കളവ് ചെയ്ത സ്വര്‍ണം പൊലിസ് കണ്ടെടുത്തിട്ടുണ്ട്. 20 വര്‍ഷമായി ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നൂറിലേറെ മോഷണ കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്. പല തവണകളിലായി എട്ടുവര്‍ഷത്തിലധികം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിയ സ്വര്‍ണം വില്‍പ്പന നടത്തി ആര്‍ഭാട ജീവിതമാണ് അവിവാഹിതനായ പ്രതി നയിച്ചിരുന്നത്. പാലക്കാട് ജില്ലയില്‍ വിവിധ കേസുകളില്‍ പിടിയിലായതിന് ശേഷം കഴിഞ്ഞ നവംബര്‍ അവസാനമാണ് പ്രതി ജയിലില്‍ നിന്നു പുറത്തിറങ്ങുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ സ്വര്‍ണം എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള ജ്വല്ലറികളിലാണ് വില്‍പ്പന നടത്തിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."