പൊലിസ് ക്രൂരത ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് മുസ്‌ലിം ലീഗ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരേ ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമുണ്ടായ പൊലിസ് അതിക്രമത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അതിക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇരകളെ സന്ദര്‍ശിച്ച് മൊഴിയെടുക്കണമെന്നും ലീഗ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടെന്നും യു.പിയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ലീഗ് നേതാക്കള്‍ പരാതി നല്‍കിയത്.
ദേശീയ അധ്യക്ഷന്‍ പ്രൊഫ.ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം മനുഷ്യാവകാശ കമ്മിഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി സമര്‍പ്പിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍, സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
യാതൊരു തത്വദീക്ഷയുമില്ലാതെയാണ് യു.പി സര്‍ക്കാര്‍ സമരത്തെ നേരിട്ടതെന്നും പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ജനങ്ങളെ വെടിവച്ചു കൊല്ലുന്ന രീതിയിലേക്ക് അധഃപതിച്ചതാണ് യു.പിയില്‍ കണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇരകള്‍ക്കു നിയമസഹായമടക്കമുള്ളവ ഉറപ്പാക്കാന്‍ മുസ്‌ലിം ലീഗ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."