10,000 മദ്‌റസകള്‍, ചരിത്രനിയോഗവുമായി സമസ്ത പുതിയ ദൗത്യത്തിലേക്ക്
മലപ്പുറം: പ്രാഥമിക മതവിദ്യാഭ്യാസ രംഗത്ത് 10,000 മദ്‌റസകള്‍ക്ക് അംഗീകാരം പൂര്‍ത്തിയാക്കി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചരിത്ര നിയോഗത്തിന്. രാജ്യാന്തര ശ്രദ്ധേയമായ മദ്‌റസാ പ്രസ്ഥാനത്തിലൂടെ സമസ്ത കേരളത്തില്‍ തുടക്കമിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമായി വ്യാപിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന യോഗം എട്ടു മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കിയതോടെയാണ് പതിനായിരം മദ്‌റസകള്‍ പൂര്‍ത്തിയായത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്രയും വിപുലമായ മറ്റു സംവിധാനം നിലവിലില്ല.
പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഒന്നുമുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെ ക്ലാസുകളില്‍ പഠനം നടത്തുന്നത്. 1951ല്‍ രൂപീകരിച്ച സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡാണ് മദ്‌റസാ പ്രസ്ഥാനത്തെ അക്കാദമിക് തലത്തില്‍ ക്രോഡീകരിച്ച രാജ്യത്തെ പ്രഥമ മതവിദ്യാഭ്യാസ ബോര്‍ഡ്. വിവിധ ഭാഗങ്ങളിലായി സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഓത്തുപള്ളി, മദ്‌റസ സമ്പ്രദായത്തെ അക്കാദമിക് തലത്തില്‍ ക്രോഡീകരിച്ചത് സമസ്ത വിദ്യാഭ്യാസ ബോര്‍ഡാണ്. ഖുര്‍ആന്‍, ഹദീസ് പഠനം, ഇസ്‌ലാമിക കര്‍മശാസ്ത്രം, ആദര്‍ശ സ്വഭാവ സംസ്‌കരണ പാഠങ്ങള്‍, ചരിത്രം, അറബി ഭാഷാ പഠനം, അറബി മലയാള ലിപി പരിജ്ഞാനം തുടങ്ങിയവയാണ് മദ്‌റസാ പാഠ്യപദ്ധതി.
അറബി, മലയാളം ഭാഷാ മീഡിയം അടിസ്ഥാനമാക്കിയാണ് സമസ്ത മദ്‌റസാ കരിക്കുലം. പരമ്പരാഗത അറബി മലയാള ലിപിക്ക് ജനകീയമായ സംഭാവനയും സംരക്ഷണവും നല്‍കുന്ന മദ്‌റസകളിലൂടെ തമിഴ്, കന്നട മീഡിയത്തിലും പാഠ്യപദ്ധതി ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിനുപുറമ തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് രാജ്യത്ത് സമസ്ത മദ്‌റസകള്‍ പ്രധാനമായും നിലവിലുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുകൂടി തുടര്‍പ്രവര്‍ത്തനം നടക്കുന്നുണ്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് മതപഠനം നടത്താന്‍ സമസ്ത അംഗീകൃത മദ്‌റസകളുണ്ട്.
മദ്‌റസകളില്‍ ഖുര്‍ആന്‍ പാരായണ പരിശീലനത്തിനായി കഴിഞ്ഞ അധ്യയനവര്‍ഷം തഹ്‌സീനുല്‍ ഖിറാഅ എന്ന പേരില്‍ നൂതന പരിശീലന പരിപാടിക്കും രൂപംനല്‍കിയിട്ടുണ്ട്. മതബോധം വളര്‍ത്തുന്ന പഠനപദ്ധതിയിലൂടെ മാനവിക സൗഹാര്‍ദത്തിനും രാഷ്ട്രപുരോഗതിക്കു മദ്‌റസാ വിദ്യാഭ്യാസം ശ്രദ്ധേയ സംഭാവനകളാണ് നല്‍കിയത്. രാജ്യസ്‌നേഹം പ്രൈമറി ക്ലാസ് പാഠ്യപദ്ധതിയുടെ ഭാഗമാണ്. സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം തുടങ്ങി ദിവസങ്ങളില്‍ പ്രത്യേക പരിപാടികളും മദ്‌റസകളില്‍ നടക്കുന്നു. അധ്യാപകര്‍ക്കുള്ള വിവിധ പഠനകോഴ്‌സുകളും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്ന പേരില്‍ അധ്യാപക കൂട്ടായ്മയും വിവിധ ക്ഷേമനിധി പ്രവര്‍ത്തനങ്ങളും പെന്‍ഷന്‍, ഗ്രാറ്റുവിറ്റി പദ്ധതികളും നിലവിലുണ്ട്.
അക്കാദമിക് രംഗത്ത് വിദ്യാഭ്യാസ ബോര്‍ഡ് നിയമിച്ച മുഫത്തിശുമാര്‍ (എജ്യുക്കേഷനല്‍ ഇന്‍സ്‌പെക്ടര്‍) അംഗീകൃത മദ്‌റസകളില്‍ അധ്യയനവര്‍ഷത്തിലെ ഇരു ടേമുകളിലായി നേരില്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തുന്നുണ്ട്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ പൊതുപരീക്ഷ, ടേം പരീക്ഷകള്‍, പഠന പാഠ്യേതര പരിപാടികള്‍, സ്‌കില്‍ ഡവലപ്‌മെന്റ് പ്രൊജക്ടുകള്‍, വിദ്യാര്‍ഥി കൂട്ടായ്മയായ സുന്നീ ബാലവേദി എന്നിവയും നിലവിലുണ്ട്.
1945ല്‍ മലപ്പുറം ജില്ലയിലെ കാര്യവട്ടത്ത് ചേര്‍ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മദ്‌റസാ പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ പ്രസംഗമാണ് അക്കാദമിക് രംഗത്ത് സമസ്തയുടെ കീഴിലുള്ള സുപ്രധാനമായ തീരുമാനത്തിലേക്ക് നയിച്ചത്. സ്വാതന്ത്ര്യത്തിന് രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇത്. തുടര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 1951 മാര്‍ച്ച് 24ന് വടകരയില്‍ ചേര്‍ന്ന സമസ്ത സമ്മേളനത്തിന്റെ ഭാഗമായി മുശാവറ ബോര്‍ഡ് (കൂടിയാലോചനാ സമിതി ) രൂപീകരിച്ചു.
സെപ്റ്റംബര്‍ 17ന് പുതുപ്പറമ്പ് പള്ളിയില്‍ സമസ്ത പ്രസിഡന്റ് വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന യോഗം പ്രവര്‍ത്തന പദ്ധതിക്ക് രൂപംനല്‍കി. പാഠ്യപദ്ധതി സമിതി, അധ്യാപക പരിശീലന പരിപാടി, അഫിലിയേഷന്‍, പരീക്ഷാ സമ്പ്രദായം, ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയവ ഈ യോഗത്തിലാണ് രൂപംനല്‍കിയത്. പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പ്രസിഡന്റും കെ.പി ഉസ്മാന്‍ സാഹിബ് ജന. സെക്രട്ടറിയും ബാഫഖി തങ്ങള്‍ ട്രഷററുമായാണ് പ്രഥമ കമ്മിറ്റി രൂപീകരിച്ചത്.1952 ജൂണ്‍ 26ന് മലപ്പുറം പുതുപ്പറമ്പ് മസ്ജിദില്‍ ചേര്‍ന്ന യോഗത്തില്‍ പത്ത് മദ്‌റസകകള്‍ക്ക് അംഗീകാരം നല്‍കി. പ്രഥമ മദ്‌റസ പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്‌റസയാണ്. പറവണ്ണ, വരമ്പനാല, അന്നാര, കല്ലൂര്‍, കോട്ടക്കല്‍, എടരിക്കോട്, കക്കാടുംപുറം, തോഴന്നൂര്‍, പള്ളിക്കാഞ്ഞിരം എന്നിവിടങ്ങളിലാണ് ആദ്യം അംഗീകാരം നേടിയ മദ്‌റസകള്‍. മലപ്പുറം ജില്ലയില്‍ ഒന്‍പതും തൃശൂരില്‍ ഒരു മദ്‌റസയുമായിരുന്നു ഇവ. ആദ്യ വര്‍ഷത്തില്‍ 42 മദ്‌റസകളായിരുന്നു കേരളത്തില്‍ സമസ്തയുടെ അംഗീകാരം നേടിയത്. ആദ്യ പത്ത് വര്‍ഷത്തില്‍ അംഗീകൃത മദ്‌റസകളുടെ എണ്ണം 746 ആയി. ഇരുപത് വര്‍ഷം കൊണ്ട് 2694, അന്‍പത് വര്‍ഷം 7865 എന്നിങ്ങനെ വര്‍ധിച്ച മദ്‌റസകള്‍ 69 വര്‍ഷം കൊണ്ടാണ് പതിനായിരത്തിലെത്തിയത്. കൂടാതെ അല്‍ബിര്‍റ് പ്രീ പ്രൈമറി സ്‌കൂള്‍, സമസ്ത സ്‌കൂള്‍ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) എന്നിവ നിലവിലുണ്ട്. ഹയര്‍സെക്കന്‍ഡറിതലത്തില്‍ ഫാളില, ഡിഗ്രി തലത്തില്‍ ഫളീല കോഴ്‌സുകള്‍ക്ക് രൂപംനല്‍കി ഇസ്‌ലാമിക് വനിതാ കോളജ് പദ്ധതിക്കും ഒരുവര്‍ഷം മുന്‍പ് രൂപംനല്‍കി. പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ് കോളജ് വിദ്യാഭ്യാസ ബോര്‍ഡിന്റെയും ജാമിഅ നൂരിയ്യയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്നു.മദ്‌റസകള്‍ പതിനായിരം പൂര്‍ത്തിയായതിന്റെ ആഘോഷപരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി രൂപം നല്‍കിയിട്ടുണ്ട്.
ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികളാണ് സമസ്തയുടെ നൂറാം വാര്‍ഷികത്തിനു മുന്നോടിയായി തയാറാക്കുന്നത്. മദ്‌റസാ ശാക്തീകരണ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചത്. കൂടുതല്‍ മേഖലയിലേക്ക് മദ്‌റസകള്‍ വ്യാപിപ്പിക്കുകയും നൂതന സംവിധാനമായി സ്മാര്‍ട്ട് ക്ലാസ്‌റൂം സംവിധാനിക്കുകയും ചെയ്യും.ഫെബ്രുവരി അവസാനവാരത്തില്‍ കോഴിക്കോട്ട് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്‌റസാ വിദ്യാഭ്യാസരംഗത്ത് സമസ്ത നിര്‍വഹിക്കുന്ന ദൗത്യവും ആശയവും സമര്‍പ്പിക്കുന്ന വിവിധ ഭാഷകളിലെ ഡോക്യുമെന്ററിയും പുറത്തിറക്കുന്നുണ്ട്. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രസിഡന്റും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ജന.സെക്രട്ടറിയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍ വിദ്യാഭ്യാസ ബോര്‍ഡിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."