ഗുണ്ടകളെ തുറന്നുവിടുന്നതും പൂട്ടുന്നതും സര്‍ക്കാര്‍
സംസ്ഥാനത്തു വിഹരിച്ചുകൊണ്ടിരിക്കുന്ന 2010 ഗുണ്ടകളെ മുപ്പതു ദിവസത്തിനകം കാപ്പ ചുമത്തി ജയിലിലടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും റെയ്ഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനൊരു ദിവസം മുമ്പാണ് കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 കുറ്റവാളികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയത്. ഗുണ്ടകളും പിടിച്ചുപറിക്കാരും ബലാത്സംഗത്തിനു ശിക്ഷയനുഭവിക്കുന്നവരും കൊലപാതകികളും സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലുണ്ട്.
കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന വടക്കന്‍ പാട്ടിലെ ഈരടിയെ ഓര്‍മിപ്പിക്കുന്നു സര്‍ക്കാരിന്റെ നടപടികള്‍. ഒരുവശത്തു ഗുണ്ടകളെ തുറന്നുവിടുകയും മറുവശത്തു ഗുണ്ടകളെ മുഴുവന്‍ മുപ്പതു ദിവസത്തിനകം ജയിലറകളില്‍ പൂട്ടാന്‍ ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണു സര്‍ക്കാര്‍ ഇവിടെ അനുവര്‍ത്തിച്ചത്.
ഓരോ ആക്രമണങ്ങളും സ്ത്രീകള്‍ക്കു നേരെ കൈയേറ്റങ്ങളും ഉണ്ടാകുമ്പോള്‍ അത് ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞു സമാധാനിക്കുകയല്ല വേണ്ടത്. ഗുണ്ടകളെ വേരോടെ പിഴുതെറിയുക തന്നെ വേണം. മടകളില്‍ നിന്നും ഉടുമ്പിനെ പുറത്തുചാടിക്കും പോലെ ഗുണ്ടകളെ പിടിക്കുമെന്നാണ് മന്ത്രി എ.കെ ബാലന്‍ ഇന്നലെ പറഞ്ഞത്. ഒരു സെലിബ്രിറ്റി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നു കര്‍ശന പരിശോധന നടത്തിക്കൊണ്ടിരിക്കുന്ന പൊലിസിന്റെ മൂക്കിനു താഴെയാണു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ വക്കീലിനെ സമീപിച്ചത്.
ഒറ്റപ്പെടുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതാണോ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ. നിര്‍ഭയമായി വഴിനടക്കുവാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പറ്റാത്ത ഒരവസ്ഥ മുമ്പുണ്ടായിട്ടില്ല. സെലിബ്രിറ്റികള്‍ക്കെതിരേ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല പൊലിസ് അരയും തലയും മുറുക്കി രംഗത്തിറങ്ങേണ്ടത്. നിസ്സഹായരും നിരാലംബരുമായ സ്ത്രീകളുടെ സംരക്ഷണ ചുമതല സര്‍ക്കാറിന്റെ ബാധ്യതയാണ്.
ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്താന്‍ പറയുന്ന സര്‍ക്കാര്‍ തന്നെ 1850 കുറ്റവാളികളെ യാതൊരു തത്വദീക്ഷയും പുലര്‍ത്താതെ തുറന്നുവിടാന്‍ പറഞ്ഞതിന്റെ യുക്തിയാണു മനസ്സിലാകാത്തത്. ഗുണ്ടകളെ തീറ്റിപ്പോറ്റുന്നവരില്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമുണ്ട്. പാര്‍ട്ടികളാണ് അവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരു വിദ്യാര്‍ഥി സംഘടനയാണെന്ന ആക്ഷേപം ഉയരുമ്പോള്‍ എന്തുകൊണ്ട് ഇത്തരം വിദ്യാര്‍ഥികള്‍ക്കെതിരേ പാര്‍ട്ടിയില്‍ നടപടിയുണ്ടാകുന്നില്ല.
വിദ്യാര്‍ഥികള്‍ക്ക് ഗുണ്ടാപ്രവര്‍ത്തനമാകാമെന്നാണോ. പാര്‍ട്ടി ഓഫിസില്‍ അഭയം നല്‍കുന്നതിന് പകരം അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയാണ് വേണ്ടത്.
ഇത്തരം വിദ്യാര്‍ഥികളാണ് പിന്നീട് ക്വട്ടേഷന്‍ സംഘങ്ങളായും ഗുണ്ടകളായും രൂപാന്തരപ്പെടുന്നത്. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍ മുഖ്യമന്ത്രിക്ക് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ഗുണ്ടകളെന്ന് പറയുന്നു. 261 ഗുണ്ടകള്‍ ഭരണസിരാ കേന്ദ്രത്തില്‍ നിര്‍ഭയരായി കഴിയുമ്പോഴാണ് കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന കൊടും ക്രിമിനലുകള്‍ ഉള്‍പ്പെടുന്ന 1850 പേരെ തുറന്നുവിടാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയത്.
സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ പല തടവുകാരും സുപ്രിംകോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍ പെടുന്നവരല്ല. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഗവര്‍ണര്‍ പി. സദാശിവം നിയമത്തെ കുറിച്ചു ബോധ്യമുള്ളതിനാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക നിരസിക്കുകയും ചെയ്തു. ബലാത്സംഗം, ലഹരിമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, കൊലപാതകങ്ങള്‍ തുടങ്ങിയ കേസുകളില്‍ പെട്ടവരെയാണ് മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയോ നിയമസെക്രട്ടറി അറിഞ്ഞോ അല്ല ഇത്തരമൊരു അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.
പത്തിനം കേസുകളില്‍ പെടുന്നവര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയാണ് സര്‍ക്കാര്‍ ലംഘിച്ചത്. സര്‍ക്കാരിന്റെ വഴിവിട്ട പല നടപടികള്‍ക്കെതിരേയും സി.പി.ഐ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ വി.എസ് അച്യുതാനന്ദന്റെ പ്രതികരണത്തെ അടിച്ചമര്‍ത്തുന്നതിന് പകരം ഭരണത്തില്‍ സത്യസന്ധമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് അതിനുവേണ്ടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."