'ഓര്‍മ്മയില്ലേ, ഗുജറാത്ത്'-എത്ര ലളിതമായാണ് ബി.ജെ.പിക്കാര്‍ പൗരത്വബില്ലിനെ വിശദീകരിച്ചത്- തുറന്നടിച്ച് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്
കോഴിക്കോട്: ഗുജറാത്തിനെ ഓര്‍മിപ്പിച്ചതിലൂടെ കേന്ദ്രം പൗരത്വബില്ലു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി പറഞ്ഞു തന്നിരിക്കുകയാണ് ബി.ജെ.പിയെന്ന് എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ്. പൗരത്വ ബില്ലിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയില്‍ നടത്തിയ ബി.ജെ.പി റാലിക്കിടെയുണ്ടായ മുദ്രാവാക്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ലേഖനത്തിനും വ്യഖ്യാനിക്കാവനാവാത്ത വിധമാണ് ഈ ഒമ്പത് അക്ഷരങ്ങളിലൂടെ ബി.ജെ.പിക്കാര്‍ ബില്ലിനെ വിശദമാക്കിത്തന്നതെന്നും അത് സാധാരണക്കാര്‍ക്കു പോലും മനസ്സിലായെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആക്ഷേപിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ഓര്‍മ്മയില്ലേ, ഗുജറാത്ത് ?
കുറ്റ്യാടിയില്‍ രണ്ടു ദിവസം മുമ്പ് നടന്ന ജാഥയില്‍ ബി.ജെ.പി മുഴക്കിയ മുദ്രാവാക്യം സത്യത്തില്‍ പ്രൗഢഗംഭീരമായിരുന്നു.
പൗരത്വ ബില്ലിനെ ഇത്രയേറെ ഒരു ലേഖനത്തിനും വ്യാഖ്യാനിക്കാനായിട്ടില്ല. ഒരു പ്രഭാഷണത്തിനും അതിനു് പറ്റിയിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള പണ്ഡിതരായ എല്ലാ പൗരത്വബില്‍ വ്യാഖ്യാതാക്കളും തോറ്റു തൊപ്പിയിട്ടിരിക്കുന്നു!
പൗരത്വജാഥയില്‍ കണ്ടതൊക്കെ സാധാരണക്കാരാണ്.കൂലിത്തൊഴിലാളികളാണ്. ജാഥ പിറകിലെത്തുമ്പോള്‍ നിഷ്‌ക്കളങ്കതയോടുക്കുന്ന ചില ജാഥാ മെമ്പര്‍മാരുടെ ചമ്മിയ ചിരിയും ശ്രദ്ധേയമാണ്.
ജാഥ കൂടി രഹസ്യമായി നടത്താനായെങ്കില്‍ എന്ന് നമ്മുടെ ബി.ജെ.പി സഹോദരന്മാരില്‍ ചിലരെങ്കിലും മോഹിച്ചു പോയിട്ടുണ്ടാവണം. അതിന്റെ വിഷാദ സ്മൃതിയാവാം, ആ ചമ്മിയ ചിരി.
കഴിഞ്ഞ നാല്പത് വര്‍ഷത്തിനകത്ത് അനുയായികള്‍ക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയത് ബി.ജെ.പി മാത്രമാണ്. ഇടതുപക്ഷം അതില്‍ വിജയിച്ചു എന്ന് പറഞ്ഞു കൂടാ. കോണ്‍ഗ്രസിലാണെങ്കില്‍ നേതാക്കള്‍ക്ക് പോലും അത് കിട്ടിയിട്ടുമില്ല.
കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു മാത്രം ഉപജീവനം നടത്തിപ്പോകാമെന്ന് വിചാരിച്ചതിന്റെ ശിക്ഷയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് അനുഭവിക്കുന്നത്.
നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്താല്‍ ഉദ്ബുദ്ധരായ അനുയായികളെ കണ്ടുപഠിക്കൂ.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ കൂലിപ്പണിക്കാര്‍ പോലും എത്ര ലളിതസുന്ദരമായിട്ടാണ് പൗരത്വ ബില്ലിനെ ആ ജാഥയില്‍ വ്യാഖ്യാനിച്ചത്! എന്തൊരു രാഷ്ട്രീയ വ്യക്തതയും കാഴ്ചപ്പാടുമാണ്, സാധാരണക്കാരായ
ബി.ജെ.പി ക്കാര്‍ക്ക് പോലും!
ഓര്‍മ്മയില്ലേ ഗുജറാത്ത്.
ഒമ്പത് അക്ഷരങ്ങളാല്‍ പൗരത്വ ബില്ലിനെ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."