HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരേ കേസെടുത്തു
backup
January 15 2020 | 07:01 AM
തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ടെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ സമരത്തിനെതിരേയും കേസെടുക്കുമെന്നും പറഞ്ഞായിരുന്നു പൊലിസ് നടപടി.
മുന്‍കൂര്‍ അനുമതി തേടിയാണ് റാലി നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞെങ്കിലും പൊലിസ് പിന്മാറിയില്ല. കേസെടുത്ത് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കിയാല് മാത്രമെ ഇവിടെ നടന്ന പൗരത്വസമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അറിയൂ എന്ന വിചിത്ര ന്യായമാണ് പൊലിസ് മുന്നോട്ടുവച്ചത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്ത് പേരാണ് കേസില്‍ പ്രതികള്‍.
തൃശൂരില്‍ റാലികള്‍ ഉള്‍പ്പെടെ മുന്‍പ് വിവിധ പരിപാടികള്‍ സംഘടന നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ കേസെടുക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി അഡ്വ. ഹാഫിസ് അബൂബക്കര്‍ സിദ്ദീഖ് അല്‍മാലികി പറഞ്ഞു. റാലി നടത്തുന്നതിന് മുന്‍പ് സ്റ്റേഷനില്‍നിന്ന് അനുമതി തേടുകയും ജാഥ കടന്നു പോകുന്ന റൂട്ട് പൊലിസിന് നല്‍കുകയും ചെയ്തിരുന്നു. ആ സമയത്തൊന്നും ഒരു തടസവും പൊലിസ് പറഞ്ഞിരുന്നില്ല. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് ഭാവിയില്‍ അവരുടെ വിദേശ യാത്രയുള്പ്പെടെയുള്ളവക്ക് തടസമായേക്കാമെന്നും എന്തൊക്കെ ബുദ്ധിമുട്ട് സഹിക്കേണ്ടിവന്നാലും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.കെ.എസ്.എസ്.എഫിന് പുറമെ കെ.എസ്.യു, എസ്.എഫ്.ഐ, സി.പി.ഐ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സി.പി.ഐ നേതാക്കള്‍ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ പൊലിസിന് നല്കാന് ആദ്യം തയാറായിരുന്നില്ല. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദം ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തെ അനുനയിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് കഴിഞ്ഞ ദിവസം ഡി.ജി.പി തന്നെ രംഗത്തെത്തിയിരുന്നു. പൊലിസിന് അത്തരത്തിലൊരു നിര്‍ദേശവും കൊടുത്തിട്ടില്ലെന്നായിരുന്നു ഡി.ജി.പിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."