ഇസ്‌ലാം ഭീകരവാദത്തിന്റെ ഉറവിടമല്ല- ആംഗല മെര്‍ക്കല്‍
മ്യൂണിച്ച്: ഇസ്‌ലാം ഭീകരവാദത്തിന്റെ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. മ്യൂണിച്ചില്‍ സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇസ്‌ലാം ഭീകരവാദത്തിന്റെ ഉറവിടമല്ല. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ സഹകരണം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സന്നിധ്യത്തിലായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം. അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പെടുത്തിയ യാത്രാ വിലക്കിനെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ് മെര്‍ക്കല്‍.
'ആ രാഷ്ട്രങ്ങളാണ് ഭീകരവാദത്തിനെതിരായ നീക്കത്തില്‍ ആദ്യാവസാനം സംഭാവനകള്‍ അര്‍പ്പിക്കേണ്ടത്'. യാത്രവിലക്ക് ഏര്‍പെടുത്തപ്പെട്ട് ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളെ സൂചിപ്പിച്ച് അവര്‍ പറഞ്ഞു. 'ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണ അകറ്റാനാണിത്. ഇതിലൂടെ മാത്രമേ ഭീകരവാദത്തിന്റെ ഉറവിടം ഇസ്‌ലാം അല്ലെന്നും, മറിച്ച് ഇസ്‌ലാം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുകയുള്ളു. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സമാധാനസന്ദേശവും, ഇസ്‌ലാമുമായി ബന്ധമില്ലാത്ത, അതേസമയം ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദവും രണ്ടും രണ്ടാണെന്ന് ഇസ്‌ലാമിന്റെ ഔദ്യോഗിക മതപണ്ഡിതന്‍മാര്‍ സമൂഹത്തിന് കാണിച്ച് കൊടുക്കേണ്ടതുണ്ട്. അമുസ്‌ലിംകളായ ഞങ്ങള്‍ക്കത് സാധിക്കില്ല. ഇസ്‌ലാമിക പണ്ഡിതരും, ബന്ധപ്പെട്ടവരുമാണ് അത് ചെയ്യേണ്ടത്.' മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിന്നാണ് പൊരുതേണ്ടതെന്നും എന്നാല്‍ മാത്രമേ ഐ.എസ് പോലുള്ള ശക്തികളെ തകര്‍ക്കാനാവൂ എന്നും അവര്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."