ജില്ലയില്‍ ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ക്ക് തുടക്കമായി
ആലപ്പുഴ: ജില്ലയില്‍ ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തല മുതല്‍ അമ്പലപ്പുഴ വരെയുള്ള മേഖലയിലെ 4ജി സേവനങ്ങളുടെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.റ്റി. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ടെലികോം ഉപദേശകസമിതി അംഗങ്ങളായ അഡ്വ. ശരത്. എസ്, ജെയിംസ് ചിങ്കുത്തറ, ബിഎസ്എന്‍എല്‍ മൊബൈല്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ സതീഷ് റാം, ജില്ലാ ജനറല്‍ മാനേജര്‍ സി. മനോജ് എന്നിവര്‍ സംബന്ധിച്ചു. ജില്ലയില്‍ ബി.എസ്.എന്‍.എല്‍ ആദ്യമായാണ് 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കുട്ടനാടിന്റെ കിഴക്കന്‍ മേഖലകളിലും മാവേലിക്കര മേഖലയിലും 4ജി സേവനങ്ങള്‍ ലഭ്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വേഗതയാര്‍ന്ന ഡൗണ്‍ലോഡിങ്ങിനൊപ്പം കൂടുതല്‍ മികച്ച ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 4ജി സേവനത്തിലൂടെ ലഭ്യമാകും. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി കൈവശമുള്ള 3ജി2ജി സിം കാര്‍ഡുകള്‍ മാറി 4ജി സിം ആക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."