പത്തരമാറ്റ് തോല്‍വി
മുംബൈ: ആസ്‌ത്രേലിയക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ തന്നെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ പത്തുവിക്കറ്റിനാണ് കംഗാരുക്കള്‍ ഇന്ത്യയെ മെരുക്കിയത്. ആസ്‌ത്രേലിയയുടെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും തകര്‍ത്താടിയതോടെയാണ് ടീം ഇന്ത്യ തോല്‍വിയുടെ പടുകുഴിയിലേക്ക് വീണത്. വാര്‍ണര്‍ 112 പന്തില്‍ 128 റണ്‍സും (17 ഫോര്‍, 3 സിക്‌സ്) ഫിഞ്ച് 114 പന്തില്‍ 110 റണ്‍സും (13 ഫോര്‍, 2 സിക്‌സ്) നേടി പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 258 റണ്‍സെടുത്തു.
ഇന്ത്യന്‍ ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ആസ്‌ത്രേലിയ ബാറ്റ് വീശിയത്. 74 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ആസ്‌ത്രേലിയയുടെ ജയം. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനും കെ.എല്‍ രാഹുലും മാത്രമാണ് തിളങ്ങിയത്. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ പതനവും ആരംഭിച്ചു. വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും പുറത്തായത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി.
ഒന്നിന് 134 എന്ന നിലയിലുണ്ട@ായിരുന്ന ഇന്ത്യ കണ്ണടച്ചു തുറക്കും മുന്‍പേയാണ് അഞ്ചിന് 164 എന്ന നിലയിലേക്ക് നിലംപതിച്ചത്. രാഹുല്‍- ധവാന്‍ സംഖ്യം പൊടുന്നനെ വീണത് ഇന്ത്യയുടെ താളം തെറ്റിച്ചു. അവസാന ഓവറുകളില്‍ വെടിക്കെട്ടിന് തയാറായ രവീന്ദ്ര ജഡേജയെയും ഋഷഭ് പന്തിനെയും ആസ്‌ത്രേലിയ പറഞ്ഞയച്ചതോടെ ആതിഥേയരുടെ പോരാട്ടം അസ്തമിച്ചു.
ഓസീസ് നിരയില്‍ പന്തെടുത്തവരെല്ലാം വിക്കറ്റ് കൊയ്തു. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സും കെയിന്‍ റിച്ചാര്‍ഡ്‌സണും ര@ണ്ട് വിക്കറ്റുവീതം വീഴ്ത്തി. ആഷ്ടണ്‍ അഗര്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അര്‍ധ സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെവച്ചാണ് കെ.എല്‍ രാഹുലിന് വിക്കറ്റ് നഷ്ടപ്പെട്ടത്. 28ാം ഓവറില്‍ ആഷ്ടണ്‍ അഗറിന്റെ ആദ്യ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി രാഹുല്‍ മടങ്ങി. 61 പന്തില്‍ 47 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.
രാഹുല്‍ മടങ്ങി ഏറെക്കഴിയും മുന്‍പേ ധവാനും പുറത്തായി. 29ാം ഓവറിലെ അവസാന പന്തില്‍ ധവാന്റെ സെഞ്ചുറി മോഹം പാറ്റ് കമ്മിന്‍സ് നിഷ്പ്രഭമാക്കി. കമ്മിന്‍സിന്റെ ഓഫ് കട്ടറില്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു ധവാന്‍ (91 പന്തില്‍ 74 റണ്‍സ്). തുടര്‍ന്നെത്തിയ വിരാട് കോഹ്‌ലിക്കും കൂടുതല്‍ നില്‍ക്കാന്‍ സാധിച്ചില്ല. 32ാം ഓവറില്‍ ആദം സാംപ കോഹ്‌ലിയെ തിരിച്ചയച്ചു.
33ാം ഓവറിലാണ് ശ്രേയസിന് മടക്ക ടിക്കറ്റ് ലഭിച്ചത്. പാറ്റ് കമ്മിന്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിക്ക് നല്‍കിയ അനായാസ ക്യാച്ച് ശ്രേയസിന്റെ (9 പന്തില്‍ 4 റണ്‍സ്) വിധിയെഴുതി. അവസാന ഓവറുകളില്‍ തകര്‍ത്താടാന്‍ നിന്ന ജഡേജയെ (32 പന്തില്‍ 25 റണ്‍സ്) കെയിന്‍ റിച്ചാര്‍ഡ്‌സണാണ് പുറത്താക്കിയത്. ഋഷഭ് പന്തിനെ പാറ്റ് കമ്മിന്‍സും തിരിച്ചയച്ചു. രണ്ടാം ഏകദിനം രാജ്‌കോട്ടില്‍ വെള്ളിയാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."