ജലലഭ്യത ഉറപ്പുവരുത്താന്‍ മുന്‍കരുതല്‍: മന്ത്രി രാമകൃഷ്ണന്‍
കോഴിക്കോട്: ഇത്തവണ കടുത്ത വരള്‍ച്ച അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കുടിവെള്ളം ലഭിക്കാത്ത അവസ്ഥ ജില്ലയിലുണ്ടാവാന്‍ പാടില്ലെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതികളും റവന്യൂ അധികൃതരും ഇക്കാര്യത്തില്‍ സംയുക്തമായി ഇടപെടണം. എം.എല്‍.എ-എം.പി ഫണ്ടുകള്‍ ഉപയോഗിച്ചുളള കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി ഓഫിസുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ടാങ്കര്‍ ലോറികള്‍ വഴിയുളള ജലവിതരണം സമയക്രമം പാലിച്ചാവണം. സന്നദ്ധ സംഘടനകള്‍ കുടിവെളള വിതരണം നടത്തുന്നുണ്ടെങ്കില്‍ അത് ശുദ്ധവും മാലിന്യമുക്തവുമാണെന്ന് ഉറപ്പു വരുത്തണം. വരള്‍ച്ചയെ നേരിടുന്നതിന് ആവശ്യമായ ജലലഭ്യത ജില്ലയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലവിതരണം സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കും. ജലവിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുളള അഴിമതി തടയുമെന്നും മന്ത്രി പറഞ്ഞു.
കുറ്റ്യാടി ഇറിഗേഷന്‍ വഴി ജൂണ്‍ വരെ കുടിവെളളം നല്‍കും
കുടിവെളളത്തിന്റെ വലിയൊരളവും ലഭ്യമാകുന്നത് കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിപ്രകാരമാണ്.
കഴിഞ്ഞ 45 ദിവസമായി കനാല്‍ വഴി ജലവിതരണം നടക്കുന്നുണ്ട്. ആകെയുളള 600 കി.മീ കനാല്‍ ദൈര്‍ഘ്യത്തില്‍ 500 കിലോമീറ്ററില്‍ വെളളം ഒഴുക്കി വിടുന്നുണ്ട്. മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് 30 കിലോ മീറ്റര്‍ അധികമാണിത്. പെരുവണ്ണാമുഴി ഡാമില്‍ 75 മില്ല്യണ്‍ ലിറ്റര്‍ ക്യൂബ് വെളളമാണ് ഇപ്പോഴുളളത്. 3.2 മീറ്റര്‍ താഴ്ന്ന നിലയിലാണിത്.
ബാണാസുര സാഗര്‍, കക്കയം ഡാമുകളില്‍ നിന്നുളള വെളളം ലഭിക്കുന്നതിനാല്‍ ജൂണ്‍ ആദ്യവാരം വരെ കുടിവെളളം നല്‍കാനാവുമെന്ന് കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ജപ്പാന്‍ കുടിവെളള വിതരണ പദ്ധതിയുടെ പൈപ്പിടല്‍ ജോലികളില്‍ കരാറുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന കാലതാമസം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. 23ന് ജപ്പാന്‍ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ചെക്യാട് പഞ്ചായത്തിലെ ഉളളില്‍പാറ, എടച്ചേരി, തലായി എന്നിവിടങ്ങളിലെ രണ്ടര ഏക്കറിലധികം വിസ്തൃതിയുളള ജലാശയം ശുചീകരിച്ച് കുടിവെളള വിതരണത്തിന് ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇ.കെ വിജയന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
ഒഞ്ചിയം, ചോറോട്, ഏറാമല ഭാഗങ്ങളിലും, കടലോര മേഖലകളിലും ചോമ്പാല്‍ ഹാര്‍ബറിലും ജല ലഭ്യത ഉറപ്പാക്കണമെന്ന് സി.കെ നാണു എം.എല്‍.എ പറഞ്ഞു.
ബാലുശ്ശേരി പഞ്ചായത്തിലെ 15,16,17 വാര്‍ഡുകളില്‍ കുടിവെളള പ്രശ്‌നം രൂക്ഷമാണെന്നും ഈ പ്രദേശങ്ങളെ ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ആവശ്യപ്പെട്ടു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കാരാട്ട് റസാഖ് എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) ബി. അബ്ദുള്‍ നാസര്‍, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍ പങ്കെടുത്തു.
2223 വാര്‍ഡുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍
കുടിവെളളക്ഷാമം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്ന ജില്ലയിലെ 2223 വാര്‍ഡുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
വടകര - 732, കൊയിലാണ്ടി - 412, കോഴിക്കോട് - 848, താമരശ്ശേരി - 231 എന്നിങ്ങനെയാണ് സ്ഥാപിക്കുക.
ഇതില്‍ 63 എണ്ണം മാര്‍ച്ച് ആദ്യവാരത്തില്‍ സ്ഥാപിക്കും. ഇവയ്ക്കു പുറമെ, അത്യാവശ്യ സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കലക്ടറുടെ അനുമതിയോടെ തനത് ഫണ്ട് ഉപയോഗിച്ച് ജലവിതരണം നടത്താവുന്നതാണ്. ജലവിതരണത്തിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ഐ.സിയുടെ മേല്‍നോട്ടത്തില്‍ കൂട്ടായ്മ രൂപീകരിക്കും.
വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ പൊതുപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടന, യുവജന സംഘടനാ പ്രതിനിധികളുടെയും സമിതി രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."