മുഖ്യമന്ത്രിക്കെതിരേയും പൊലിസിനെതിരേയും തുറന്നടിച്ച് നടന്‍ ജോയ് മാത്യു: മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമില്ല, ഫാസിസം കേന്ദ്രത്തില്‍ മാത്രമല്ല, കേരളത്തിലുമുണ്ട്, തുറന്നുപറയാന്‍ പലര്‍ക്കും ഭയമാണെന്നും വിമര്‍ശനം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ തുറന്നടിച്ച് നടന്‍ ജോയി മാത്യു. കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും ഫാസിസ്റ്റ് ഭരണമാണ് നിലനില്‍ക്കുന്നതെന്നും അതു തുറന്നു പറയാന്‍ പലര്‍ക്കും ഭയമാണെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലേത് എന്ത് പൊലിസാണിതെന്ന് മനസിലാവുന്നില്ലെന്നും കോഴിക്കോട്ട് സംഘടിപ്പിച്ച ജനാധിപത്യസംഗമത്തില്‍ ജോയ് മാത്യു പറഞ്ഞു.
അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വനിയമത്തിനെതിരേ പ്രതിഷേധിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരക്കാരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമില്ല. തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. 'ഓഷോയിലും മാര്‍ക്സിസത്തിലും മാവോയിലും ഒരാള്‍ക്ക് വിശ്വസിക്കാം.
അതിന്റെ പേരില്‍ അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയതിന് എന്ത് ന്യായീകരണം. ഒരു സാധാരണ മലയാളിക്ക് വിശ്വസിക്കാന്‍ കഴിയുന്നതല്ല ഇത്. പത്തൊമ്പത് വയസ്സുകാരനെ അഞ്ച് വര്‍ഷമായി പൊലിസ് നിരീക്ഷിക്കുകയാണെന്ന് പറയുന്നു. അപ്പോള്‍ പതിനാല് വയസ്സുമുതല്‍ നിരീക്ഷണം തുടങ്ങിയിരിക്കും. എന്ത് പൊലിസാണിതെന്ന് മനസിലാവുന്നില്ല. ചായകുടിക്കാന്‍ പോയതിനല്ല അറസ്റ്റെന്ന് പറഞ്ഞ് പൊലിസ് നടപടിയെ പിന്തുണക്കുന്ന മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് പൗരത്വനിയമഭേദഗതിയ്ക്കെതിരായ പോരാട്ടത്തിനില്ല.
ഫാസിസം കേന്ദ്രത്തില്‍ മാത്രമല്ല, കേരളത്തിലുമുണ്ട്. ഇത് തുറന്നുപറയാന്‍ പലര്‍ക്കും കഴിയുന്നില്ല. എല്ലാവര്‍ക്കും ഭയമാണ്. ഇവിടെ വന്നിരിക്കുന്നവര്‍ പോലും ഇപ്പോള്‍ പോലിസ് നിരീക്ഷണത്തിലായിരിക്കും. അവര്‍ക്കെതിരെയും യു.എ.പി.എ ചുമത്തപ്പെടാം' ജോയ് മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."