വെള്ളിമൂങ്ങകളെ വില്ക്കാന് ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍
എരുമപ്പെട്ടി: വെള്ളി മൂങ്ങകളെ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വനംവകുപ്പ് തൃശൂര്‍ ഫ്ളയിങ് സ്കോഡിന്റെ പിടിയിലായ രണ്ടുപേരെ എരുമപ്പെട്ടി വനപാലകര്‍ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുങ്കടവിള കുറകോണത്ത് പുത്തന്‍വീട്ടില്‍ ബെറ്റില്‍ ജോണ്‍ കേച്ചേരി ചിറനെല്ലൂര്‍ വീട്ടില്‍ സി.സി ഷിജു എന്നിവരെയാണ് എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി.രാജീവ് അറസ്റ്റ് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന പാലക്കാട്, പെരുങ്ങോട്ട്കുറിശി, ആയകുളങ്ങര രാജീവ് ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കുന്നംകുളം ചൂണ്ടലില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കേന്ദ്ര വന്യജീവി ക്രൈം കണ്ട്രോള് കൊച്ചി ബ്യൂറോയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ ഭാസി ബാഹുലേയന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.എസ് ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിയത്.
ചൂണ്ടല്‍ ആശുപത്രി റോഡില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന രണ്ട് വെള്ളിമൂങ്ങകളുമായി പ്രതികള്‍ പിടിയിലായത്. വെള്ളി മൂങ്ങകള്‍ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് ഏഴ് ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. ഷെഡ്യൂള്‍ നാല് ഇനത്തില്‍പെട്ട വെള്ളിമൂങ്ങയെ പിടികൂടുന്നതും ഉപദ്രവിക്കുന്നതും വില്‍പ്പന നടത്തുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ തടവും പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ. ഫ്ളയിങ് സ്ക്വാഡ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഇ.പി പ്രതീഷ്, ടി.യു രാജ്കുമാര്, കെ.വി ജിതേഷ് ലാല്‍, എന്‍.യു പ്രഭാകരന് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
എരുമപ്പെട്ടി ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.വിനിധീഷ്, മുകേഷ്, രജീഷ് എന്നിവര്‍ അറസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."