സ്‌കൂള്‍ നവീകരണം: പട്ടിക്കാട് ജി.എച്ച്.എസ്.എസിന് മൂന്നുകോടി കൂടി
പെരിന്തല്‍മണ്ണ: പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മൂന്നുകോടി രൂപ കൂടി അനുവദിച്ചു. നേരത്തെ ഒരു കോടി രൂപ അനുവദിച്ചതിന് പുറമെയാണ് മൂന്നുകോടി അനുവദിച്ച് ഉത്തരവിറക്കിയത്. കിഫ്ബി വഴിയാണ് ഫണ്ട് ലഭ്യമാക്കുന്നത്. ഇതിനായുള്ള ഉത്തരവ് ധനകാര്യ വകുപ്പിനും നല്‍കി കഴിഞ്ഞു. നേരത്തെ, സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 20ലക്ഷം രൂപയോളം ചെലവഴിച്ച് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ക്ലാസ് മുറികള്‍ നവീകരണവും, അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ഹൈടെക്ക് വല്‍ക്കരണവും നടന്നിരുന്നു. നിലവില്‍ യു.പി വിഭാഗത്തിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മൂന്ന് നിലകളിലായിരിക്കും പുതിയ കെട്ടിടങ്ങള്‍. പദ്ധതി നടപ്പാക്കാന്‍ ശാസ്ത്രീയ മാസ്റ്റര്‍ പ്ലാനും, വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയാറാക്കാന്‍ കിറ്റ്‌ക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കം ചെയ്യുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും അനുമതി തേടിയിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡന്റ്‌നഹാസ് എം. നിസ്താര്‍ പറഞ്ഞു. സ്‌കൂള്‍ നവീകരണത്തിന് ഫണ്ട് അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെ പി.ടി.എ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."