റംസാനിലെ ആദ്യ വെള്ളിയാഴ്ച്ച ഇരുഹറമിലും വിശ്വാസികളുടെ ബാഹുല്യം
ജിദ്ദ: പുണ്യമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച ഇരുഹറമിലും വിശ്വാസികളുടെ ബാഹുല്യം. മക്കയില്‍ മസ്ജിദുല്‍ ഹറമും പരിസരവും മദീനയിലെ മസ്ജിദുന്നബവിയിലും ജനസാഗരമായി. സഊദിക്കകത്തു നിന്നും പുറത്തു നിന്നുമായി വിശ്വാസികള്‍ വ്യാഴാഴ്ച്ച തന്നെ ഇരു ഹറമിലേക്കും ഒഴുകുകയായിരുന്നു. ഇന്നലെ നടന്ന രാത്രി നമസ്‌കാരത്തില്‍ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെയാണ് പങ്കുകൊണ്ടത്. മക്കയിലെയും മദീനയിലെയും ഹറമുകളിലെ ഖത്വീബുമാര്‍ വിശുദ്ധ മാസത്തിലെ ദിനരാത്രങ്ങള്‍ സുകൃതങ്ങള്‍ കൊണ്ട് സജീവമാക്കണമെന്ന് വിശ്വാസികളെ വെള്ളിയാഴ്ച്ച ഖുതുബ പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു.
മുന്‍വര്‍ഷങ്ങളില്‍ ഇത്രയധികം വിശ്വാസികളുടെ ആധിക്യം കണ്ടിട്ടില്ലെന്ന് ഹറമിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തി. പ്രായം ചെന്ന തീര്‍ത്ഥാടകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ മക്ക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള 700ല്‍ പരം വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സ്‌കൗട്ട് സംഘവും തീര്‍ത്ഥാടകരുടെ സേവനത്തിന് മുന്നിട്ടിറങ്ങി. കൂടാതെ പ്രായം കൂടിയവര്‍ക്ക് പത്തു ഗോള്‍ഫ് വണ്ടികളും ഒരുക്കിയിരുന്നു. പ്രായം കൂടിയവര്‍ക്കും അവശരുമായവര്‍ക്ക് ഹറമിലേക്കുള്ള പോക്കുവരവുകള്‍ എളുപ്പമാക്കാനുമാണ് ഇത്രയും ഗോള്‍ഫ് വണ്ടികള്‍ ഒരുക്കിയിരുന്നത്. ഒരു വണ്ടിയില്‍ 14 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഈ വണ്ടികളുടെ സേവനം തീര്‍ത്ഥാടകര്‍ക്ക് മുഴുവന്‍ സമയവും ലഭിക്കുമെന്നും ഹറം സേവന സംഘം അറിയിച്ചു.
മദീനയില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം മസ്ജുദുന്നബവിയിലും പരിസരത്തും സുരക്ഷാസൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. തീര്‍ത്ഥാടകര്‍ക്ക് പള്ളിയിലേക്കും പുറത്തേക്കുമുള്ള വഴികാണിച്ചുകൊടുക്കലായിരുന്നു ഇവര്‍ക്ക് പ്രധാനമായും ചെയ്യാനുണ്ടായിരുന്നത്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് അവശ്യസഹായത്തിന് റെഡ് ക്രസന്റ് സേനാ യൂനിറ്റുകളെയും സജ്ജമാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന പശ്ചാതലത്തില്‍ ഗതാഗത നിയന്ത്രണത്തിന് 15000 സുരക്ഷാഉദ്യോഗസ്ഥരെ നിയോഗിച്ചതായി മദീന പ്രവിശ്യാ പൊലിസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ ഹാദി ബിന്‍ ദര്‍ഹം അല്‍ശഹ്‌റാനി അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള നോമ്പുതുറ സൗകര്യവും ഇരു ഹറമിലും ഒരിക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."