HOME
DETAILS

വരയില്‍ വിപ്ലവം

  
backup
January 06 2019 | 05:01 AM

varayil-viplavam365564654564


യു.കെ അജ്മല്‍#


We shall draw from the heart of suffering itself the means of inspiration and survival
Winston Churchill


ധുബാനിയിലെ നയനമനോഹരമായ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അഞ്ച് മൈല്‍ സഞ്ചരിച്ചാല്‍ വിശാല സുന്ദരമായ, പച്ചപ്പരവതാനി പോല്‍ പരന്നുകിടക്കുന്ന നെല്‍പാടം കാണാം. അതിനടുത്തായി വീണ്ടെടുക്കാനാവാത്ത രീതിയില്‍ നശിച്ചില്ലാതായ കൃഷിയിടങ്ങളുടെ അവശിഷ്ടങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. 2014ല്‍ നേപ്പാളിലും ഇന്ത്യയിലും ആഞ്ഞടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ ബാക്കിപത്രമാണത്. ഇതും താണ്ടിക്കടന്നു വേണം ബിഹാറിലെ മധുബാനി ജില്ലയിലെ രാജ്‌നഗര്‍ ബ്ലോക്കില്‍ റാന്‍തി ഗ്രാമത്തിലെത്താന്‍. അവിടുത്തെ വീടുകളുടെ ചുവരുകളില്‍ വരച്ചിട്ട ആകര്‍ഷണീയമായ ചിത്രങ്ങള്‍ എന്നും സന്ദര്‍ശകരെ വിസ്മയിപ്പിച്ചിരുന്നു. അതെല്ലാം വെറും അലങ്കാര ചിത്രങ്ങളാണെന്നു കരുതിയാല്‍ തെറ്റി. ഈ ചിത്രങ്ങള്‍ തന്നെയാണ് ആ മണ്ണിനെ മറ്റുപല നാടുകളില്‍നിന്നു വ്യത്യസ്തമാക്കുന്നത്. മധുബാനി വെറുമൊരു ചിത്രകലയുടെ പേരല്ല. മറിച്ച് അവകാശ ധ്വംസനത്തിനെതിരേ, ലിംഗവിവേചനത്തിനെതിരേ ഒരു നാട്ടിലെ പെണ്‍ജന്മങ്ങള്‍ ഒരുക്കുന്ന കരുത്തിന്റെ ധീരമുദ്രകൂടിയാണത്. റാന്‍തിയെന്ന കൊച്ചുഗ്രാമം മധുബാനി വരകളുടെ മേല്‍വിലാസത്തില്‍ മാത്രം ലോകമാകെ വിശ്രുതമാണിന്ന്.

മധുബാനി വെറുമൊരു ചിത്രമല്ല

അവഗണനയുടെയും വേദനകളുടെയും തമോഗര്‍ത്തത്തില്‍നിന്നു തന്നെയാണ് അത്രയൊന്നും സാക്ഷരതയും വിദ്യാഭ്യാസ വെളിച്ചവും കടന്നുചെല്ലാത്ത റാന്‍തി ഗ്രാമത്തിലെ ഒരുകൂട്ടം സ്ത്രീകള്‍ വരയുടെ വിപ്ലവം തീര്‍ക്കുന്നത്. ആ വിപ്ലവത്തെ നമുക്ക് മധുബാനിയെന്നു പേരിട്ടു വിളിക്കാം. തലമുറകളുടെ വ്യത്യാസമില്ലാതെ, ജാതീയതയുടെ ഉച്ഛനീചത്വമില്ലാതെ, അവ തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടു തന്നെയാണു പുരാതന ചിത്രകലയായ മിഥില അല്ലെങ്കില്‍ മധുബാനിയെ അവര്‍ പൊടിതട്ടിയെടുത്തത്. ഇന്ത്യയുടെ കിഴക്കുഭാഗത്തു മാത്രം ഒതുങ്ങിനിന്നിരുന്ന പ്രാദേശിക കലയെ ലോകോത്തരമാക്കിയതിനു പിന്നില്‍ റാന്‍തി ഗ്രാമത്തിലെ വലിയൊരു കൂട്ടം സ്ത്രീകളുടെ പ്രയത്‌നത്തിന്റെ, സങ്കടങ്ങളുടെ വിശാലമായ ഇതിവൃത്തങ്ങളുണ്ട്.
ഗര്‍വിന്റെ പുരുഷാധിപത്യങ്ങള്‍ക്കുമേലുള്ള പെണ്‍ശബ്ദങ്ങളുടെ വര്‍ത്തമാന ചിത്രമാണ് മധുബാനിയെന്നാണ് അധ്യാപികയും ചിത്രകാരിയുമായ റാണി ഝാ പറയുന്നത്. റാണി ജാ ഇന്ന് ലോകമറിയപ്പെടുന്ന മധുബാനി കലാകാരിയാണ്. റാന്‍തിക്കാരി തന്നെയാണ് റാണിയും. 2010 ബിഹാര്‍ ദാര്‍ബംഗയിലെ ലളിത് നാരായണ്‍ മിഥിലാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മിഥില ചിത്രകലയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2014ല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ രണ്ടാഴ്ചയോളം നീണ്ടുനിന്ന ഏഷ്യയിലെ നാടന്‍കലകളെ കുറിച്ചു നടന്ന സെമിനാറില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുമുണ്ട്.
നേപ്പാളിലും കിഴക്കേ ഇന്ത്യയിലെ ചില ഗ്രാമപ്രദേശങ്ങളിലും മാത്രം പ്രചാരത്തിലുണ്ടായ ഈ ചിത്രകലയ്ക്ക് മിഥില എന്ന നാമം കൂടിയുണ്ട്. ഏഴാം നൂറ്റാണ്ടുമുതലേ പ്രചാരത്തിലുള്ള ഈ കല കാലങ്ങളോളം വ്യത്യസ്ത തലമുറകളാല്‍ കൈമാറ്റം ചെയ്യപ്പെട്ടു. വിരലുകള്‍ കൊണ്ടും മരത്തിന്റെ കമ്പുകള്‍ കൊണ്ടും വ്യത്യസ്ത നിറക്കൂട്ടുകള്‍ കൊണ്ടും മാത്രം പരമ്പരാഗത ശൈലിയില്‍ പുരാണ ചരിത്രങ്ങളുടെയും പ്രകൃതി സത്യങ്ങളടങ്ങുന്ന ദൈവങ്ങളുടെയുമൊക്കെ ചിത്രം വരച്ചിരുന്ന ഈ കലയ്ക്ക് ഇന്നു വ്യത്യസ്തവും നൂതനവുമായ മാനങ്ങളും ചിന്താഗതിയും വന്നിരിക്കുകയാണ്. ലിംഗസമത്വവും ശൈശവവിവാഹവും സ്ത്രീസുരക്ഷയുമടങ്ങുന്ന മര്‍മപ്രധാന വിഷയങ്ങളാണ് ഇന്നവര്‍ തങ്ങളുടെ കാന്‍വാസില്‍ വരച്ചിടുന്നത്.
റാണിയുടെ കുട്ടിക്കാലത്ത് പലരുമവളെ നിറത്തിന്റെ പേരില്‍ പരിഹസിച്ചിരുന്നു. സുന്ദരമായ മുഖമില്ലാതെ നിനക്കെങ്ങനെ കല്യാണം കഴിക്കാനാവുമെന്നു പോലും ചോദിച്ചു പലരും മാനസികമായി തളര്‍ത്തി. അങ്ങനെയാണു സമൂഹത്തെ ഗ്രസിച്ച പുരുഷാധിപത്യത്തിന്റെ പാരതന്ത്ര്യത്തില്‍നിന്നു സ്ത്രീകുലത്തെ മോചിപ്പിക്കാനായി അവര്‍ തുനിഞ്ഞിറങ്ങുന്നത്. ഇത് റാണിയുടെ മാത്രം കഥയല്ല. പേരറിയാത്ത അനേകം സ്ത്രീകളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്. മധുബാനിയിലെ പരമ്പരാഗത ചിത്രകാരികളെപ്പോലെ റാണിയും ആദ്യം വരച്ചുതുടങ്ങിയത് കൃഷ്ണന്റെയും രാധയുടെയും കാല്‍പനികമായ ചിത്രങ്ങളായിരുന്നു. പിന്നീട് അവരുടെ കാന്‍വാസില്‍ പ്രതിഷേധത്തിന്റെ കനലുകള്‍ ജ്വലിച്ചുതുടങ്ങി.
സാറഗ്പൂര്‍ ജില്ലയിലെ ബ്രാഹ്മേത്രിയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു റാണി ഝായുടെ ജനനം. അന്ന് ബിഹാറില്‍ ഇന്നുള്ളതിനെക്കാള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നന്നേ വിരളമായിരുന്നു. ഇല്ലാ എന്നു തന്നെ വേണമെങ്കില്‍ പറയാം. ഈയൊരു സ്ഥിതിവിശേഷത്തില്‍ നിന്നാണവര്‍ വീട്ടുകാരോടു പൊരുതി പഠനത്തിനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നത്. 1979ല്‍ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇടയ്ക്കു വീടിനുള്ളില്‍ തന്നെ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. റാണിയുടെ മുത്തശ്ശി വരച്ച കോഹ്ബാര്‍(ചുവര്‍ചിത്രം) കണ്ടാണവള്‍ വര തുടങ്ങിയത്.
കുറച്ചു കാലങ്ങള്‍ക്കുശേഷം ഒരു സര്‍ക്കാരിതര സംഘടനയുമായി ബന്ധപ്പെട്ട് റാണി ഝാക്ക് സ്ത്രീകള്‍ക്കായുള്ള അഗതിമന്ദിരത്തില്‍ ജോലി ലഭിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട അനേകം സ്ത്രീകളെ പാര്‍പ്പിച്ചുപോന്നിരുന്ന മന്ദിരത്തില്‍ റാണി ഝാ അവരുടെ സ്വന്തക്കാരിയായി മാറി. പതിയെ റാണി അവരുടെ വിഷാദം നിറഞ്ഞ ജീവിതകഥകളും കേട്ടുതുടങ്ങി. അങ്ങനെ അവരില്‍ പലരുടെയും ജീവിതങ്ങള്‍ അവിടുത്തെ ചുവരുകളില്‍ റാണിയുടെ വരകളിലൂടെ ജീവനമാരംഭിക്കുകയായിരുന്നു. അതില്‍ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരുടെ, മക്കളാല്‍ ഒഴിവാക്കപ്പെട്ടവരുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളുണ്ടായിരുന്നു. അന്നാണ് കാലികമായ വരകള്‍ വരകളില്‍ ഇടംപിടിച്ചത്. പിന്നീട് വരച്ച ചിത്രങ്ങള്‍ സീതാദേവിയുടേതായിരുന്നു. അവരുടെ വിശ്വാസത്തില്‍ സീത ജനിച്ചത് മിഥില കലയുടെ ഉത്ഭവസ്ഥലമായ മിഥിലയിലാണ്. തന്റെ പാതിവ്രത്യം രാമനു മുന്നില്‍ തെളിയിച്ചു കൊടുക്കാന്‍ അഗ്നിയിലേക്ക് എടുത്തുചാടിയ സീതയ്ക്കു പകരം പുരുഷാധിപത്യത്തിനെതിരേ, സാമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരേ ധീരമായി പോരാടുന്ന സീതയെയാണ് റാണി ഝാ വരച്ചത്.

സാമൂഹിക
ഉച്ഛനീചത്വങ്ങള്‍ക്കെതിരേ

ഉത്തരേന്ത്യയില്‍ അനിയന്ത്രിതമായി അധികരിച്ചുവരുന്ന ശൈശവ വിവാഹങ്ങള്‍, ദുരഭിമാനക്കൊലകള്‍, ഗര്‍ഭച്ഛിദ്രങ്ങള്‍... അങ്ങനെ വര്‍ത്തമാന ഇന്ത്യ നേരിടുന്ന പല വിഷയങ്ങളും കണ്ടും അനുഭവിച്ചുമറിഞ്ഞാണ് റാണി ഝാ വളര്‍ന്നത്. ബാല്യത്തിന്റെ കുസൃതി മാറാത്ത കൈകളില്‍ കല്യാണവളകളിട്ടുകൊടുക്കുന്ന നിരക്ഷരരായ എത്രയോ ആള്‍ക്കാര്‍ ഇന്നും ഇന്ത്യയിലുണ്ട്. ബാല്യത്തില്‍ തന്നെ ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ടാല്‍ പിന്നെ അവരെ കാത്തുനില്‍ക്കുന്നത് ബന്ധനത്തിന്റെയും പാരതന്ത്ര്യത്തിന്റെയും തമോവൃതമായ നാളുകളാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍ജന്മങ്ങള്‍ പിന്നെ ജീവിതത്തിന്റെ സുഖങ്ങളില്‍നിന്നും സുഗമമായ സഞ്ചാരവഴികളില്‍നിന്നുമൊക്കെ തഴയപ്പെടും.
ഇത്തരം സാമൂഹികനടപ്പുകള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍, അവരുടെ പൂര്‍ത്തീകരിക്കാനാവാത്ത ആഗ്രഹങ്ങള്‍ പിന്നീട് മധുബാനിയായി പുനര്‍നിര്‍മിക്കപ്പെട്ടു. അവരുടെ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ചിത്രങ്ങളായി മഴവില്ലഴകോടെ ലോകം കണ്ടു. നിശബ്ദമായ കാന്‍വാസിലവര്‍ ആഗ്രഹങ്ങളെ കുടിയിരുത്താന്‍ തുടങ്ങി. കാടന്‍വ്യവസ്ഥകള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ കണ്ണെത്താദൂരത്തേക്ക് കടല്‍ കടന്നു സഞ്ചരിച്ചു. അവരുടെ ദുഃഖങ്ങളില്‍ അവരെ അറിയാത്തവര്‍ പോലും പങ്കാളികളായി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അവരുടെ സ്വപ്നങ്ങള്‍ ചിറകുവച്ചു പറന്നു.
മധുബാനി പിന്നെയും വിപ്ലവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പെണ്‍കൂട്ടായ്മകള്‍ മധുബാനിയിലുടെ മുഖ്യധാരയിലേക്കു പതിയെ ചുവടുവച്ചു തുടങ്ങി. സമൂഹത്തിലെ പുരുഷ വൈകൃതങ്ങള്‍ക്കെതിരേ പെണ്‍കൂട്ടായ്മകള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവന്നു. റാണി പിന്നെയും പുരുഷാധിപത്യത്തിനെതിരേ പ്രതിഷേധാത്മക ചിത്രങ്ങള്‍ വരച്ചു. വിദ്യാഭ്യാസം നഷ്ടപ്പെട്ട പെണ്‍ജന്മങ്ങള്‍, അടിമകളെപ്പോലെ പെരുമാറപ്പെടുന്ന ഭാര്യമാര്‍ അങ്ങനെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മധുബാനി മാറി.
2010ല്‍ റാണി ഝാ വരച്ച 'അബോര്‍ഷന്‍ ക്ലിനിക് ' രാജ്യാന്തരതലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയില്‍ കാലങ്ങളായി നടന്നുപോന്നിരുന്ന ശിശുഹത്യക്കെതിരേ, ഗര്‍ഭച്ഛിദ്രത്തിനെതിരേ വലിയൊരര്‍ഥത്തിലുള്ള ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ ആ മധുബാനി ചിത്രത്തിനായി. അതില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടറെ റാണി ചിത്രീകരിക്കുന്നത് വിഷപ്പാമ്പിനോടാണ്. ആണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി പെണ്‍ഭ്രൂണത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് 2006ല്‍ ഒരു മാധ്യമത്തിലവര്‍ ആയിടെ കാണാനിടയായിരുന്നു. പന്ത്രണ്ടിലധികം പെണ്‍ഭ്രൂണങ്ങളാണ് അന്ന് ബിഹാറിലെ പൊട്ടക്കിണറ്റില്‍നിന്നു കണ്ടെത്തിയത്. ഈ പൈശാചികകൃത്യത്തിന് ഡോക്ടര്‍മാര്‍ വാങ്ങുന്നത് അയ്യായിരം രൂപയോളം! ഇത്തരം അധാര്‍മിക പ്രവണതകളെ വേരോടെ പിഴുതെറിയാനായി പ്രതിഷേധത്തിന്റെ അനേകായിരം മധുബാനികള്‍ റാന്‍തി ഗ്രാമത്തിലിന്നും വരയ്ക്കപ്പെടുന്നുണ്ട്. ഇന്നുമവിടെ അനേകായിരം റാണിമാര്‍ വരയുടെ വിപ്ലവം തീര്‍ത്ത് അവകാശങ്ങള്‍ നേടിയെടുക്കുന്നുണ്ട്; കലയുടെ സൗന്ദര്യം ഒട്ടും ചോരാതെ തന്നെ.
മധുബാനിയിന്ന് വെറുമൊരു നാടന്‍കല മാത്രമല്ല. രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുമുന്നേറുന്ന വിപ്ലവത്തിന്റെ പേരു കൂടിയാണ്. മധുബാനി ചിത്രകലയില്‍ സ്വന്തമായൊരു സ്ഥാപനം നടത്തിക്കൊണ്ടുപോകുമ്പോഴും റാണി ഝാ നന്ദിയോടെ മനസില്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ചില മുഖങ്ങളുണ്ട്. അതില്‍ മധുബാനിയെ അവകാശ വീണ്ടെടുപ്പുകള്‍ക്കു വേണ്ടിയുള്ള ധര്‍മസമരങ്ങളായി കണ്ടു സ്വയം മറന്നു പ്രവര്‍ത്തിച്ച, 1976ല്‍ ആദ്യമായി ഭാരതീയ നൃത്തകലാ മന്ദിരത്തില്‍നിന്നു സര്‍ക്കാരിന്റെ അനുമോദനം ഏറ്റുവാങ്ങിയ സഹോദരികളായ മധുബാനി ഗ്രാമത്തിലെ മഹാസുന്ദരി ദേവിയും അവരുടെ സഹോദരി കര്‍പ്പൂരി ദേവിയുമുണ്ട്. തുടര്‍ന്ന് മഹാസുന്ദരി ദേവിയിലൂടെ പത്മശ്രീ റാന്‍തിയിലെത്തിയതൊക്കെ റാണിയുടെ മായാത്ത ഓര്‍മകളാണ്. അവരുടെ ചിത്രകലകള്‍ ജപ്പാനിലെ മിഥില മ്യൂസിയത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ ഇടംപിടിച്ചതൊക്കെ റാണി അഭിമാനത്തോടെ ഇന്നുമോര്‍ക്കുന്നു. അവര്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാണ് റാണിയെ ഇന്നും ഈ വഴികളില്‍ സധൈര്യം ചലിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ജിതര്‍പൂര്‍ ഗ്രാമത്തിലെ ജഗതംബാ ദേവിയെ പറയാതെ മധുബാനിയുടെ ചരിത്രം സമ്പൂര്‍ണമാവുകയില്ല. പത്മശ്രീ ലഭിച്ച ആദ്യ മധുബാനി കലാകാരിയാണവര്‍; 1975ല്‍. അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥകളെക്കുറിച്ച് റാണി പറയുന്നുണ്ട്. ചെറുപ്പത്തില്‍ തന്നെ വിധവയാകേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ നഷ്ടങ്ങളാണ് പിന്നീടവരെ പത്മശ്രീ വരെ എത്തിച്ചത്. അവരുടെ ഒട്ടുമിക്ക ചിത്രങ്ങളും പറഞ്ഞുതരുന്നതും ശൈശവ വിവാഹങ്ങളെയും അതു വരുത്തിയ നഷ്ടങ്ങളുടെയും ഒറ്റപ്പെടലുകളുടെയും സങ്കടങ്ങളെയും കുറിച്ചു തന്നെയാണ്.
മധുബാനി നഷ്ടസ്വപ്നങ്ങള്‍ വീണ്ടെടുക്കുകയാണു ചെയ്യുന്നത്. പരാതികളും പരിഭവങ്ങളും കേള്‍ക്കാനില്ലാത്ത പെണ്‍ജന്മങ്ങളുടെ ആര്‍ത്തനാദങ്ങളായി അതിന്നും നിലയ്ക്കാതെ വരയ്ക്കപ്പെടുന്നുണ്ട്. അതിലെ വിഭിന്നമായ കാന്‍വാസുകളില്‍ വരക്കപ്പെടുന്ന ചിത്രങ്ങള്‍ നിറങ്ങളാലും രൂപത്താലും വ്യത്യസ്തമാണെങ്കിലും എല്ലാം പറയുന്നത് പ്രതിഷേധങ്ങളുടെ ഒരേ ചിത്രങ്ങള്‍ തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago