പ്രതിഷേധം ഫലം കണ്ടു; തളിപ്പറമ്പില്‍ സീബ്രാലൈനുകള്‍ പുനഃസ്ഥാപിച്ചു
തളിപ്പറമ്പ്: പ്രതിഷേധം ഫലം കണ്ടു, തളിപ്പറമ്പ് നഗരത്തിലെ സീബ്രാലൈനുകള്‍ പുനഃസ്ഥാപിച്ചു. താലൂക്ക് വികസന സമിതിയിലും നഗരസഭയിലും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം ബസ്‌തൊഴിലാളികള്‍ പെയിന്റ് ഉപയോഗിച്ച് സീബ്രാ ലൈനുകള്‍ വരച്ചിരുന്നു. ഇതോടെയാണ് നഗരസഭ നേരിട്ട് ഇടപെട്ട് സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്.
അധികൃതര്‍ ഈ വിഷയത്തില്‍ കാണിച്ച അനാസ്ഥ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തളിപ്പറമ്പ് നഗരത്തില്‍ റോട്ടറി ജങ്ഷന്‍, ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ഓട്ടോ സ്റ്റാന്‍ഡിന് സമീപം, കോഫീ ഹൗസിന് എതിര്‍വശം, പ്ലാസ ജങ്ഷന്‍, ലൂര്‍ദ് ഹോസ്പിറ്റലിന് മുന്‍വശം, ചിറവക്ക് എന്നിവിടങ്ങളിലാണ് സീബ്രാലൈനുകള്‍ ഉള്ളത്. ഇവ പൂര്‍ണമായും മാഞ്ഞത് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിരുന്നു. കലക്ടര്‍ക്കും നഗരസഭക്കും താലൂക്ക് വികസനസമിതിക്കും ഇതു സംബന്ധിച്ച് പരാതികളേറെ നല്‍കിയിരുന്നു. സി.എം.പി തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മോഹനന്‍ താലൂക്ക് വികസന സമിതിയിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹൈവേ അതോറിറ്റി സീബ്രാലൈന്‍ വരക്കുകയാണെങ്കില്‍ അതിന്റെ ചെലവ് നഗരസഭ വഹിക്കാമെന്ന് നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കിയിരുന്നു.
മാസങ്ങള്‍ കഴിഞ്ഞും ഇതു നടപ്പിലാക്കാന്‍ ദേശീയപാതാ വിഭാഗം തയാറാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ഉയരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ബസ് തൊഴിലാളികള്‍ പെയിന്റ് ഉപയോഗിച്ച് സീബ്രാലൈനുകള്‍ വരച്ചത്. ഇത് വാര്‍ത്തയായതോടെ നഗരസഭ അടിയന്തരമായി ഇടപെട്ട് സീബ്രാലൈന്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനായി നഗരസഭക്ക് 65000 രൂപ ചെലവായതായി ചെയര്‍മാന്‍ താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. നഗരസഭാ പരിധിയിലെ മറ്റു സ്ഥലങ്ങളില്‍ മാഞ്ഞ നിലയിലുള്ള സീബ്രാലൈനുകളും വൈകാതെ പുനഃസ്ഥപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."