കോര്‍പറേഷന്‍ കൗണ്‍സില്‍ പദ്ധതി റിപ്പോര്‍ട്ട് ഡി.പി.സിക്കു നല്‍കാത്തതില്‍ ബഹളം
കണ്ണൂര്‍: കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ട് ജില്ലാ ആസൂത്രണസമിതിക്കു സമയബന്ധിതമായി നല്‍കിയില്ലെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളം.
സംസ്ഥാനത്തെ മറ്റു കോര്‍പറേഷനുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വികസന സെമിനാര്‍ നടന്നിട്ടും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിയില്ല. ഗുരുതരമായ വീഴചയാണ് ഇക്കാര്യത്തില്‍ വന്നതെന്നും അതു ഭരണപക്ഷം സമ്മതിക്കണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
നിശ്ചിത ടൈംടേബിള്‍ അനുസരിച്ചാണ് ഓരോ പദ്ധതിയും നടപ്പാക്കുന്നത്. ഓരോ കമ്മിറ്റിയും പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കിയിരുന്നെങ്കില്‍ വാര്‍ഷിക പദ്ധതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കൈമാറുന്നതില്‍ വീഴ്ച സംഭവിക്കില്ലായിരുന്നുവെന്നും ഭരണപക്ഷത്തെ എം. ബാലകൃഷ്ണന്‍ പറഞ്ഞു. വാര്‍ഷിക പദ്ധതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഡി.പി.സിക്കു കൈമാറുന്നതില്‍ എല്ലാവരുടെ ഭാഗത്തു നിന്നും മെല്ലെപ്പോക്ക് നയമാണ് ഉണ്ടായതെന്നു ഭരണപക്ഷത്തെ വെള്ളോറ രാജനും വ്യക്തമാക്കി.
പുല്ലൂപ്പിക്കടവില്‍ സ്ഥലം പഞ്ചായത്തിന്റെ കീഴിലുണ്ടായ സമയത്ത് 84 സെന്റ് സ്ഥലത്ത് ചെമ്മീന്‍ കൃഷി നടത്തുന്നതിനു ഭരണസമിതി അറിയാതെയും രേഖകള്‍ പരിശോധിക്കാതെയും സെക്രട്ടറി സ്ഥലം നല്‍കിയതു വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൃഷി തുടരാനുള്ള നടപടി സ്വീകരിക്കാനും പാട്ടക്കരാറില്‍ ഏര്‍പ്പെട്ട ആര്‍ക്കും ഇനിയൊരു തീരുമാനമുണ്ടാകുന്നതു വരെ ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
മേയര്‍ ഇ.പി ലത അധ്യക്ഷയായി. സി. എറമുള്ളാന്‍, മുരളീധരന്‍ തൈക്കണ്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ബങ്കിന് അനുമതി: മേയര്‍ക്കെതിരേ ആരോപണം
കണ്ണൂര്‍: അനുമതി നല്‍കേണ്ടെന്ന കൗണ്‍സില്‍ തീരുമാനത്തിനു വിരുദ്ധമായി നഗരത്തിലെ ബങ്ക് മേയര്‍ ഇടപെട്ട് തുറപ്പിച്ചതില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാക്‌പോര്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനപ്രകാരം കവിത ടാക്കീസിനു എതിര്‍വശമുള്ള മൂന്നു ബങ്കുകള്‍ മാറ്റിസ്ഥാപിക്കുകയും അതു പിന്നീട് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു.
ഇതു മേയര്‍ നേരിട്ടു സ്റ്റേ ചെയ്ത് ബങ്ക് തുറപ്പിച്ചത് അഴിമതിയാണെന്നു പ്രതിപക്ഷത്തെ ടി.ഒ മോഹനന്‍ ആരോപിച്ചു. നിലവില്‍ മാറ്റിസ്ഥാപിച്ച ബങ്ക് ഡ്രെയിനേജിനോട് ചേര്‍ന്നാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബങ്ക് രണ്ടടി പുറകോട്ട് മാറ്റി സ്ഥാപിക്കുന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നും ബങ്കിനായി പുതിയ സ്ഥലം കണ്ടെത്തണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."