ചെങ്ങറ കോളനിയിലെ അടുക്കളയില്‍ ദുരിതം
പെരിയ: അന്‍പതിനായിരം രൂപ നിര്‍മാണ ചെലവ് കണക്കാക്കിയ അടുക്കളക്ക് നിര്‍മാണം കഴിഞ്ഞപ്പോള്‍ പത്തായിരം രൂപ പോലും ചിലവ് വരില്ല. ചെങ്ങറയില്‍ ഭൂ സമരം നടത്തി കാസര്‍കോട് ജില്ലയില്‍ ഭൂമി അനുവദിച്ചു കിട്ടിയ ആളുകള്‍ക്കുള്ള വീട്ടിലെ അടുക്കള നിര്‍മാണമാണ് ഈ രീതിയില്‍ നടക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള കെ.ആര്‍ ഓര്‍ഗനൈസേഷന്‍ നേതൃത്വത്തിലാണ് അടുക്കള നിര്‍മാണം.
ചെങ്ങറയില്‍ നിന്നും ജില്ലയിലെ പെരിയ ചെങ്ങറ കോളനിയില്‍ പുനരധിവസിക്കപ്പെട്ട ആളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ കുടുസ്സു വീടുകള്‍ക്കാണ് അടുക്കള നിര്‍മാണത്തിന് അന്‍പതിനായിരം രൂപ യു.ഡി.എഫ് സര്‍ക്കാര്‍ 2011 ല്‍ കോളനി ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ചത്. ഈ തുകയില്‍ 70 ലക്ഷത്തോളം രൂപ ഇപ്പോഴും വിതരണം നടത്തിയിട്ടില്ലെന്നാണ് ഇവിടെ താമസിക്കുന്ന ആളുകള്‍ പറയുന്നത്.
അതേ സമയം നിര്‍മാണം നടത്തിയ അടുക്കളയുടെ രൂപം കണ്ടാല്‍ ഇതിലും വിചിത്രമാണ് കാര്യങ്ങള്‍. രണ്ടു പൈപ് കൊണ്ടുള്ള കാല്‍ നാട്ടി അതിനു മുകളില്‍ ഒരു പൈപ്പ് സ്ഥാപിച്ച ശേഷം ഷീറ്റ് പാകിയ നിലയിലാണ് അടുക്കളയുടെ മേല്‍ക്കൂര. ഷീറ്റിന്റെ മറുതല വീടിന്റെ സ്‌ളാബില്‍ ഘടിപ്പിച്ച നിലയിലാണ്. അടുക്കളക്ക് ചുറ്റുമതിലോ ബന്തവസോ ഇല്ലാതെയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് പല വീട്ടുകാരും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ വലിച്ചു കെട്ടിയാണ് ഭക്ഷണം പാകം ചെയ്‌യുമ്പോഴും കാറ്റില്‍ നിന്നും മറ്റും തീ കെടാതെ സൂക്ഷിക്കുന്നത്.
എന്നാല്‍ പുനരധിവസിക്കപ്പെട്ട തങ്ങള്‍ക്കു ആരോടും പരാതി പറയാനോ മറ്റോ നിര്‍വാഹമില്ലെന്നും കോളനിയിലെ താമസക്കാര്‍ പറയുന്നു. തങ്ങള്‍ക്കു അനുവദിച്ചു കിട്ടിയ കിടപ്പാടത്തില്‍ ജോലികളുമായി വരുന്നവര്‍ അവര്‍ക്കു തോന്നിയ രീതിയില്‍ ജോലി ചെയ്തു സ്ഥലം വിടുന്നതാണ് ഇവിടുത്തെ പതിവ്. പരാതി പറയുന്നവരുടെ വീടുകളിലെ ജോലികള്‍ ഉണ്ടെങ്കില്‍ അത് നിര്‍ത്തി വച്ച് പോകുന്ന രീതിയും ഈ കോളനിയില്‍ പതിവാണ്.
അന്‍പതിനായിരം രൂപ അനുവദിക്കപ്പെട്ട അടുക്കളക്ക് അതിന്റെ മൂന്നിലൊന്നു തുക പോലും ചിലവഴിക്കാത്ത കാഴ്ചയാണ് കോളനിയില്‍ ദൃശ്യമാകുന്നത്. അടുക്കളക്ക് സുരക്ഷാ ഭിത്തിപോലും ഇല്ലാത്ത സാഹചര്യത്തില്‍ മഴക്കാലം വരുന്നതോടെ ഈ അടുക്കള ദുരിതപൂര്‍ണമാകും.
ഇതിന് പുറമേ ഇഴ ജന്തുക്കള്‍ ഉള്‍പ്പെടെയുള്ള വിഷ ജന്തുക്കളേയും ഭയന്ന് വേണം ഈ അടുക്കള ഉപയോഗിക്കാനെന്നു വീടുകളിലെ സ്ത്രീകള്‍ പറയുന്നു.
ജീവിതത്തില്‍ ഇങ്ങനെയൊരു അടുക്കള കാണേണ്ടി വന്നതില്‍ പരിതപിക്കുകയാണ് കോളനിയില്‍ താമസിക്കുന്നവര്‍. തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകളില്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഏജന്‍സികള്‍ വന്‍ തട്ടിപ്പു നടത്തുന്നതായും കോളനിയിലെ ആളുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."