കോടതി ഇടപെടലുകളിലെ 'നീതിനിഷേധം'
ഇന്ത്യന്‍ ജുഡിഷ്യറി പതറുന്ന ഘട്ടം വന്നാല്‍ ജനാധിപത്യം ചക്രശ്വാസം വലിക്കും. ഭരണഘടനയുടെ കാവലാളുകളായി ഭരണഘടന തന്നെ പ്രതിഷ്ഠിച്ച കോടതികള്‍ ദുര്‍ബലപ്പെടുന്നത് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കും. ജനകീയ കോടതികളിലും ജനപ്രതിനിധി സഭകളിലും ഭരണഘടന വെല്ലുവിളി നേരിടും. തിരുത്താനുള്ള 'പ്രധാനഅധ്യാപകന്‍' ബഹുമാനപ്പെട്ട കോടതികളാണ്. എക്‌സിക്യൂട്ടീവ് പാളിപ്പോയാല്‍ പിടിച്ചുനിവര്‍ത്താനുള്ള ഗുരുക്കളും കോടതി തന്നെ. ഭാരതത്തിന്റെ സവിശേഷ സാഹചര്യങ്ങളനുസരിച്ച് ഇന്ത്യ നിലനിര്‍ത്തിപ്പോരുന്നത് കോടതികളുടെ സജീവമായ സാന്നിധ്യം കൊണ്ടുകൂടിയാണ്.
ബാബരി മസ്ജിദിന്റെ ചരിത്ര (വിചിത്ര) വിധി നിയമ പണ്ഡിതര്‍ക്കുപോലും ഇതുവരെ ബോധ്യമായിട്ടില്ല. ഒരു കൂട്ടം ജനങ്ങളുടെ വിശ്വാസം തെളിവായി പ്രഖ്യാപിച്ചത് ലോകചരിത്രത്തില്‍ ആദ്യമായിരിക്കണം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി സമരം ഡല്‍ഹി ഗവണ്‍മെന്റ് നേരിട്ടത് ഗുണ്ടാ രീതിയില്‍. കാംപസിനകത്തും ഹോസ്റ്റലിനകത്തും ലൈബ്രറിയിലും ബാത്ത്‌റൂമിലും കിടപ്പുമുറിയിലും കയറി എട്ടായിരത്തി നാനൂറിലധികം വിദ്യാര്‍ഥികളുടെ പാഠശാലയില്‍ രാഷ്ട്രീയ വീക്ഷണത്തില്‍ പൊലിസ് പെരുമാറിയപ്പോള്‍ ഇടപെടാന്‍ ബാധ്യതയുള്ള കോടതി പറഞ്ഞത് അക്രമം നിര്‍ത്തി വരൂ എന്നാണ്. ചെയ്തുകൂട്ടിയ പാപങ്ങളുടെ പരിഹാരമാര്‍ഗമാണ് കോടതി എന്ന് എവിടെയാണ് സിദ്ധാന്തിച്ചത്. യൂണിവേഴ്‌സിറ്റികള്‍ എന്ന സ്വയം ഭരണാവകാശ സ്ഥാപനങ്ങള്‍ ഭരണകൂടം തന്നെ കയ്യേറിയാല്‍ നിലക്ക് നിര്‍ത്തി ശിക്ഷിക്കുകയല്ലേ കോടതികള്‍ ചെയ്യേണ്ടത്. പക്ഷേ സംഭവിച്ചത് മറിച്ചാണ്. നിരവധി കലാലയങ്ങളിലേക്ക് പടര്‍ന്ന സമരം അനേകായിരം വിദ്യാര്‍ഥികളുടെ പഠനം താളം തെറ്റിച്ചു.ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കാന്‍ കോടതി ആരെയോ ഭയപ്പെടുന്നതുപോലെ.
മരടിലെ ഫ്‌ളാറ്റുകള്‍ രണ്ടുമാസം കാലാവധി വെച്ചു പൊളിച്ചുനീക്കാന്‍ ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ അന്ത്യശാസനമുണ്ടായി. അഡ്മിനിസ്‌ട്രേഷന് അനുമതി നല്‍കിയ ഭരണകൂടവും ടെക്‌നിക്കല്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരും ഇതുവരെ ശിക്ഷിക്കപ്പെട്ടതായി അറിഞ്ഞിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ മോദിയും അമിത്ഷായും തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ ബഹുമാനപ്പെട്ട സുപ്രിം കോടതിക്ക് കേസ് കേള്‍ക്കാന്‍ സമയമില്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ ജനുവരി 22 ലേക്ക് നീട്ടിവെച്ചു . സ്‌റ്റേ അനുവദിച്ചതിനു ശേഷമാണ് വാദം കേള്‍ക്കുന്നതെന്നു പറഞ്ഞാല്‍ മനസ്സിലാകുമായിരുന്നു. പക്ഷേ നിഷ്‌കരുണം ഹരജികള്‍ മാറ്റിവച്ചു. പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനാ ലംഘനം സംഭവിച്ചുവെന്ന് ലോകസമൂഹം വിലയിരുത്തിയിട്ടുണ്ട്. നിയമം അന്താരാഷ്ട്ര നിയമവ്യവസ്ഥകള്‍ക്ക് എതിരാണെന്ന് നിരവധി സംഘടനകള്‍ പറഞ്ഞിട്ടും ബഹുമാനപ്പെട്ട സുപ്രിം കോടതി അടിയന്തര ഇടപെടല്‍ നടത്തിയില്ല.
ഒന്നിച്ച് നില്‍ക്കണമെന്ന ഒരാവശ്യം ഉയര്‍ന്നുവന്നപ്പോള്‍ ഭിന്നിച്ചു നില്‍ക്കുകയാണ് മെച്ചമെന്ന് ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃത്വത്തില്‍നിന്ന് പരാമര്‍ശമുണ്ടായി. ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി ആരാവണം, ആരാവരുത് (ഭൂരിപക്ഷം ലഭിച്ചാല്‍) ഈ സങ്കുചിത രാഷ്ട്രീയ ഗ്രൂപ്പ് കളിയുടെ ഇരയാണത്രേ ഭിന്നിപ്പിക്കല്‍ നാടകം. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന അവസ്ഥ. കേരള നിയമസഭയിലെ ഏക ബി.ജെ.പി അംഗം പോലും എതിര്‍ത്ത് വോട്ട് ചെയ്യാതെ ഏകകണ്ഠമായി ഒരു പ്രമേയം പാസാക്കാന്‍ സാധിച്ചു. കേരളത്തില്‍ നല്ല അടിത്തറയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും. മുസ്‌ലിംലീഗും കേരളകോണ്‍ഗ്രസുകളും ഒന്നിച്ച് അണിനിരന്നു ഇന്ത്യ എന്ന വികാരം ഉയര്‍ത്തിപ്പിടിച്ചു. രാഷ്ട്രീയ ലാഭ നഷ്ട കണക്കുകളുടെ കണ്ണുകള്‍മാത്രം വെച്ച് പൊതുവിപത്ത് കൈകാര്യം ചെയ്യരുത്. ഒന്നിക്കാന്‍ ഇനിയും സമയം ധാരാളം. ചെറിയ ഭിന്നതകള്‍ പോലും ഫാസിസ്റ്റുകള്‍ മുതലെടുക്കും. പ്രത്യയശാസ്ത്രപരമായ അഭിപ്രായ ഭിന്നതകള്‍ക്കപ്പുറത്ത് നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ ഭിന്നശബ്ദം തീരെ ഉണ്ടാവാന്‍ പാടില്ല.
ഇന്ത്യയെ മനസാ വായിക്കാന്‍ പഠിക്കണം. രാജ്യസഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വീണത് 105 വോട്ടുകള്‍. ഇതില്‍ അഞ്ചുപേര്‍ മാത്രമാണ് മുസ്‌ലിംകള്‍. അപ്പോള്‍ ഈ പൗരത്വ ഭേദഗതി ബില്ല് എന്നത് ഒരു മതവിഭാഗത്തെ മാത്രം സ്പര്‍ശിക്കുന്ന കാര്യമല്ല. പ്രഥമ ഘട്ടത്തില്‍ മുസ്‌ലിം വീടുകളുടെ വാതിലുകളാണ് മുട്ടുക. അവസാനം ബ്രാഹ്മണ്യം അല്ലാത്തവര്‍ പൗരത്വം തെളിയിക്കാന്‍ കഴിയാതെ നാട്ടില്‍ അന്യരാവും.ഭരണഘടനയിലെ മൂല്യങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ക്കെതിരായി ലോക മനസ്സ് ഒന്നിച്ച് അണിനിരന്നു. അവിടെ ജാതി, മത, വര്‍ണ, രാഷ്ട്രീയ വ്യത്യാസം നാം കണ്ടില്ല. കേരളത്തില്‍ രണ്ടായി സമരം ചെയ്യണം. ഒന്നിച്ചു പാടില്ല എന്നതിന്റെ നീതിബോധം കോടതി വിധി പോലെ എത്ര ആലോചിച്ചാലും പിടികിട്ടില്ല. ഭരണകക്ഷിയും പ്രതിപക്ഷവും പരസ്പരം എതിര്‍ക്കാന്‍ വേണ്ടി മാത്രം രൂപപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങളല്ല. ജനാധിപത്യത്തിലെ ഒരു അടിസ്ഥാന യാഥാര്‍ഥ്യമാണ്. സൃഷ്ടിപരമായ ധര്‍മം ഇരു വിഭാഗത്തിനുമുണ്ട്. ആ കര്‍മവും മര്‍മവും നിരാകരിക്കുന്ന രാഷ്ട്രീയ തീരുമാനം ആത്മഹത്യാപരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."