ആ പാട്ടുപാടാനാകാതെ അഷ്‌റഫ് യാത്രയായി
ചെറുവത്തൂര്‍: 'നല്ലൊരു പാട്ടെഴുതിയിട്ടുണ്ട്. ടി.ഉബൈദ് അനുസ്മരണ വേദിയില്‍ അത് പാടണം'. ഈ ആഗ്രഹം സ്‌നേഹിതരോട് പങ്കുവച്ചാണ് കുന്നത്ത് അഷ്‌റഫ് കാസര്‍കോട്ടേക്ക് യാത്രതിരിച്ചത്. എന്നാല്‍ അത്യാവശ്യമായി വീട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കൈതക്കാടെക്ക് മടങ്ങി. മനസ്സില്‍ കുറിച്ചിട്ടു പോയ ആ വരികള്‍ പാടാനാകാതെ. ഈ യാത്രയിലാണ് അഷ്‌റഫിനെ മരണം തട്ടിയെടുക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി മാപ്പിളപ്പാട്ട് രചനാരംഗത്തുണ്ട് ഇദ്ദേഹം.
എഴുതിയ പാട്ടുകളില്‍ ഏറെയും സൂപ്പര്‍ ഹിറ്റായി. കുന്നത്ത് രചിച്ചു അഷ്‌റഫ് പയ്യന്നൂര്‍ പാടിയ ഉദിച്ചുയരും ഷംസുപോലും ..എന്ന പാട്ട് റിയാലിറ്റി ഷോകളില്‍ പോലും തരംഗമാണ്. 'മണിമുത്ത് നബി പുത്രി' എന്ന് തുടങ്ങുന്ന പാട്ട് ഇന്നും കല്യാണവീടുകളില്‍ മുഴങ്ങുന്നു. നിരവധി ആല്‍ബങ്ങളിലും ഇദ്ദേഹത്തിന്റെ വരികള്‍ ഇടംപിടിച്ചു. റിയാലിറ്റി ഷോകളിലും അഷ്‌റഫ് അതിഥിയായി എത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ടിനെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച അഷ്‌റഫ് ഇത്തരം പരിപാടികള്‍ എവിടെയുണ്ടെങ്കിലും അവിടെ ഓടിയെത്തും. കഴിഞ്ഞ ദിവസം രാത്രിയിലും പൂച്ചക്കാട് വിധികര്‍ത്താവായി പോയിരുന്നു.
മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി കൊണ്ടോട്ടിയില്‍ നടത്തുന്ന പത്തുദിവസത്തെ വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായാണ് കാസര്‍കോട് ഉബൈദ് അനുസ്മരണം സംഘടിപ്പിച്ചത്. മാപ്പിള കവി ഒ.എം കരുവാരക്കുണ്ട്, പി.എസ് ഹമീദ്, ടി.എ ഷാഫി, സി.എല്‍ ഹമീദ്, ഷുക്കൂര്‍ ഉടുമ്പുന്തല, കെ.എച്ച് മുഹമ്മദ്, ഹമീദ് കോളിയടുക്കം, റഹീം ചൂരി, ബാപ്പു വാവാട് തുടങ്ങിയര്‍ക്കൊപ്പം ഫോട്ടോയെടുത്താണ് അഷ്‌റഫ് മടങ്ങിയത്. അഷ്‌റഫിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കേണ്ടിയിരുന്ന ഗാനമേളയും മറ്റു പരിപാടികളും അവസാനിപ്പിച്ചു. ഒ,എം കരുവാരക്കുണ്ട്, അസീസ് തായ്‌നേരി, ജുനൈദ് മെട്ടമ്മല്‍, അഷ്‌റഫ് പയ്യന്നൂര്‍, അസീസ് പുലിക്കുണ്ട്,ആദില്‍ അത്തു, ഇസ്മയില്‍ തളങ്കര ഉള്‍പ്പെടെ മാപ്പിള കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ കുന്നത്ത് അഷ്‌റഫിന്റെ വിയോഗവാര്‍ത്തയറിഞ്ഞു കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് കൈതക്കാട് എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."