പ്രതിഷേധക്കാരില്‍ നിന്നു നഷ്ടം ഈടാക്കും: റെയില്‍വേ
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട്, പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടിയുമായെത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വഴിയേ റെയില്‍വേയും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കിടെ റെയില്‍വേയ്ക്ക് 80 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും ഇതു പ്രതിഷേധക്കാരില്‍നിന്നു ഈടാക്കുമെന്നുമാണ് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രക്ഷോഭങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് യു.പി സര്‍ക്കാര്‍ നടത്തിയ പ്രതികാര നടപടികള്‍ക്കു പിന്നാലെയാണ് റെയില്‍വേയുടെ നീക്കം. പ്രക്ഷോഭങ്ങള്‍ക്കിടെ ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും ബംഗാള്‍, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രതിഷേധക്കാര്‍ ട്രെയിന്‍ കോച്ചുകള്‍ക്കു തീയിട്ടു, സിഗ്നല്‍ സംവിധാനങ്ങള്‍ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഈ തുക അവരില്‍നിന്നു വീണ്ടെടുക്കും. ഇതു പ്രാഥമിക കണക്കാണെന്നു വ്യക്തമാക്കിയ അദ്ദേഹം, ഇതു കൂടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. റെയില്‍വേ പൊലിസ്, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി ചേര്‍ന്നായിരിക്കും കുറ്റവാളികളെ കണ്ടെത്തുകയെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."