HOME
DETAILS

കഥയുടെ ജൈവനിലങ്ങള്‍

  
backup
January 06 2019 | 05:01 AM

kadhayude-jaivanilangal365486746416

ദിവ്യ ജോണ്‍ ജോസ്#

 

'കഥകള്‍ എനിക്ക് സാഹസികതകളാണ്. എന്നെ ഭ്രമിപ്പിക്കുന്ന സാഹസികതകള്‍! ഈ പുസ്തകത്തിലെ പത്തുകഥകള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഞാനിതാ എന്റെ വായനക്കാരോടൊപ്പം ഉയരങ്ങളില്‍നിന്ന് ഒരു ബംഗി ചാട്ടത്തിന് തയാറായിനില്‍ക്കുന്നു.'
'ഇസ്തിരി' എന്ന കഥാസമാഹാരത്തിന്റെ ആമുഖമായി സോണിയ റഫീക്ക് ചേര്‍ത്ത വാക്കുകളാണിത്. പുസ്തകത്തിന്റെ വായന പുരോഗമിക്കുമ്പോള്‍ വായനക്കാരും ആ സാഹസികയാത്രയില്‍ പങ്കുചേരുന്ന പോലെത്തന്നെയാണു തോന്നിയത്. അനായാസ വായന തരുന്ന കഥകളല്ല ഭൂരിഭാഗവും. സോണിയയുടെ കഥകള്‍, കേട്ടുപരിചയിച്ച വിഷയങ്ങളെ രേഖപ്പെടുത്തുമ്പോഴും തികച്ചും അസാധാരണമായ പരിസരസൃഷ്ടിയിലൂടെ, ബിംബസൃഷ്ടിയിലൂടെ, സ്വയം കണ്ടെത്തിയ പുതിയ ആഖ്യാനരീതികളിലൂടെയൊക്കെ പുതുമകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ എന്‍.എസ് മാധവന്‍ പറഞ്ഞതുപോലെ സോണിയയുടെ കഥകള്‍ വായനക്കാരെ പ്രീണിപ്പിക്കുന്നുമില്ല.
2016ലെ ഡി.സിയുടെ സാഹിത്യ പുരസ്‌കാരം ലഭിച്ച 'ഹെര്‍ബേറിയം' എന്ന നോവലിനുശേഷമാണ് സോണിയ റഫീക്ക് മുഖ്യധാരാ എഴുത്തുകാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍, അതിനുമുന്‍പു തന്നെ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും മറ്റും കഥകളും സിനിമാ വിശേഷങ്ങളുമായി അവര്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചതാണ്.

സോണിയ ടച്ച്

സമകാലിക എഴുത്തുകാരില്‍ സോണിയയെ വേര്‍തിരിച്ചുനിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും വലിയ കാര്യം മനുഷ്യരെ മാത്രമല്ല ഇലകളെയും പൂക്കളെയും പക്ഷികളെയും ഒരേപോലെ സ്‌നേഹിക്കുന്ന ഒരു കഥാകൃത്തിനെ നമുക്കവിടെ കാണാമെന്നതാണ്. 'ഹെര്‍ബേറിയം' എന്ന നോവലും രണ്ടു കഥാസമാഹാരങ്ങളും ഒരുമിച്ചുള്ള വായനയില്‍ വന്നതുകൊണ്ട് പറയാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്. പലപ്പോഴും കഥകളിലെ വിവരണങ്ങളില്‍ കടന്നുവരുന്ന ശാസ്ത്രീയമായ വിശകലനങ്ങളാണത്. പൂമ്പാറ്റകളും മീനുകളും കൂണുകളും മറ്റും പ്രതിപാദനത്തില്‍ വരുമ്പോള്‍, നീണ്ടുപോകുന്ന ചില വിവരണങ്ങള്‍ കാണാം. മുഷിപ്പിക്കുന്ന ഒരു രീതിയിലേയ്ക്ക് എത്തുന്നില്ലെങ്കിലും ഒരു സ്റ്റീരിയോടിപ്പിക്കല്‍ ശൈലിയായി തോന്നി. ഒരുപക്ഷേ, ഇനിയൊരു കഥ ഈ രീതിയില്‍ ആരെഴുതി എന്നറിയാതെ വായിക്കാനിടയായാല്‍ സോണിയയുടെ എഴുത്ത് എന്നു പറയാനാകുംവിധം ഒരു സമരസപ്പെടല്‍ ഇത്തരം ഡീറ്റെയ്‌ലിങ്ങില്‍ വന്നുപോകുന്നുണ്ട്. ജന്തുശാസ്ത്രം, സസ്യശാസ്ത്രം എന്നിവയിലൊന്നും ശ്രദ്ധകൊടുക്കാത്ത ഒരു വായനക്കാരനു കുറച്ചു വിരസതയും വായനയില്‍ വന്നുപെട്ടേക്കാം.
നല്ല വായനാശീലവും ചലച്ചിത്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും കഥാപാത്രസൃഷ്ടിയില്‍ വലിയ കരുത്തായിട്ടുണ്ട്. 'പെണ്‍കുരിശ് ' എന്ന ഒറ്റക്കഥ, ഫ്രിഡ കാഹ്‌ളോയെയും ഇസഡോറ ഡങ്കനെയും മലയാളത്തിലെ മരിച്ചുപോയ ഒരു എഴുത്തുകാരിയുടെ (കമല സുരയ്യ എന്നു പറയാതെ പറയുന്നു) ഖബറില്‍ കൊണ്ടുവന്നിരുത്തി കഥ പറയുന്ന രീതി തന്നെ ഉദാഹരണം. വായനാനുഭവങ്ങളുടെ പുതിയ ഒരു വിഭവമായി തന്റെ കഥകളെ സോണിയ മുന്നോട്ടുവയ്ക്കുന്നു. ചിന്തിപ്പിക്കുകയും ചിലതു ചിന്താക്കുഴപ്പത്തില്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. വാണിജ്യപരമായി മാത്രം ഒരു ഉല്‍പ്പന്നത്തെ സൃഷ്ടിക്കുക എന്നുള്ളൊരു പ്രക്രിയയല്ല സോണിയയുടെ കഥകള്‍ക്ക് എന്നു തീര്‍ച്ചയായും പറയാനാകും. പുതിയ തലമുറയിലെ എഴുത്തുകാര്‍ക്കിടയില്‍ ശൈലി കൊണ്ടും സങ്കേതങ്ങള്‍ കൊണ്ടും പരിസരസൃഷ്ടികള്‍ കൊണ്ടും സോണിയ സ്വന്തമായൊരു ഇടം സൃഷ്ടിച്ചാണു നില്‍ക്കുന്നത്. കഥകളുടെ നോവല്‍റ്റി സാഹിത്യകുതുകികളായ വായനക്കാരെ സംതൃപ്തിപ്പെടുത്താതിരിക്കില്ല.

'ഇസ്തിരി'ക്കഥകള്‍

'ഫുഡ് കോര്‍ട്ട് ' എന്ന കഥയിലൂടെ ഒരു അന്താരാഷ്ട്ര ഫുഡ് കോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശാരികയുടെയും ഋഷിയുടെയും കഥ പറയുന്നു. അയാളുടെ മാംസാഹാരങ്ങളോടുള്ള വിപ്രതിപത്തി പ്രധാന വിഷയമാകുന്നു.
'ഇസ്തിരി' എന്ന കഥ മണിയന്റെയും ഭാര്യയുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്നു. പിന്നീട് ഭാര്യ മരിച്ച മണിയന്‍, തന്റെ ജീവിതത്തിന്റെ സ്പന്ദനം വീണ്ടെടുക്കുന്നതിനു കാരണമാകുന്ന അപ്പുറത്തെ വീട്ടിലെ പ്രണയത്തിലൂടെ കഥ പറഞ്ഞവസാനിപ്പിക്കുന്നു.
'കബൂം' എന്ന കഥയില്‍, ആ പേരിലുള്ള ഏതോ ഒരുതരം പക്ഷിയെ ബിംബാത്മകമായി ഉപയോഗിച്ചിരിക്കുന്നു. ഒരു വായനക്കാരനും എഴുത്തുകാരിയും നടത്തുന്ന സംഭാഷണത്തിലൂടെ, എഴുത്തിന്റെ തീക്ഷ്ണവഴികളെ രേഖപ്പെടുത്തുന്നു.
'കത്രിക' എന്ന കഥ ഭ്രൂണത്തെ പിഴുതുമാറ്റിയ ഒരു സ്ത്രീയുടെ മാനസികനിലയെ വളരെ സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ രോഗാവസ്ഥയും ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കുന്നു. നിരാശയും ഹൈപ്പര്‍ ആക്ടിവിറ്റിയും പിടിച്ചുലച്ച അവളുടെ അവസ്ഥയെ വളരെ അടുത്തുനിന്നു വീക്ഷിക്കുന്ന ഒരു കഥാകാരിയെ ഇവിടെ കാണാം.
'ഒരു ഗള്‍ഫുകാരന്റെ വീട് ' എന്ന ഏറ്റവും സരളമായ ശൈലിയില്‍ എഴുതിയ കഥയില്‍ എലികളാണു പ്രധാന കഥാപാത്രങ്ങള്‍. ഗള്‍ഫുകാരന്റെ അവധിക്കുള്ള വരവും പോക്കും പിന്നീട് പെട്ടെന്നുള്ള മരണവും കുടുംബാംഗങ്ങളുടെയും എലികളുടെയും ജീവിതത്തെ ബാധിക്കുന്നതു കഥയില്‍ പറയുന്നു.
സോണിയയുടെ കഥകളില്‍ എപ്പോഴും ജീവജന്തുജാലങ്ങള്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്. സക്കര്‍ ഫിഷ്, ചിത്രശലഭങ്ങള്‍, പാവലുകള്‍, കൂണുകള്‍ തുടങ്ങിയവയെല്ലാം കഥാപാത്രങ്ങളാകുന്നു. കഥാപാത്ര സ്വീകരണത്തിലും കഥാവിഷ്‌കാരത്തിലും പ്രകൃതിയോടുള്ള എഴുത്തുകാരിയുടെ അഭിനിവേശം മറച്ചുവയ്ക്കാന്‍ കഴിയാത്തവിധം ഒഴുകിപ്പരക്കുന്നുണ്ട്.
'മറുകാഴ്ച ബംഗ്ലാവ് ' എന്ന കഥയില്‍ ഒരു മൃഗശാലയുടെ പശ്ചാത്തലത്തില്‍ രജനിയുടെയും സഹോദരന്‍ രാജേഷിന്റെയും കാഴ്ച ബംഗ്ലാവിലുള്ള ജോലിയുടെ കഥപറയുന്നു. മൃഗങ്ങളെ പ്രതിയുള്ള സൂക്ഷ്മവിവരങ്ങള്‍, കഥാകാരി തന്റെ ചുറ്റിലും നടക്കുന്ന കാഴ്ചകളില്‍ എത്രയേറെ ശ്രദ്ധപതിപ്പിക്കുന്നുവെന്നതിന്റെ തെളിവാണ്.
'പ്രാതലിനും ഊണിനും മധ്യേ മേതില്‍' എന്ന കഥ മേതില്‍ രാധാകൃഷ്ണന്റെ 'പ്രാതലിന് ഒരു കൂണ് ' എന്ന ചെറുകഥയുടെ വ്യാഖ്യാനമാണ്. മേതില്‍ ഇതിലൊരു കഥാപാത്രമാകുന്നത് കൗതുകമുണര്‍ത്തുന്നുണ്ട്. 'രാത്രിയാണ് ' എന്ന കഥ കുറച്ചൊരു ഫാന്റസി മോഡില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവാഹേതര ബന്ധങ്ങളുടെ കഥയാണ് 'വയലറ്റ് കാബേജ് '. പ്രണയവും ശാരീരികബന്ധങ്ങളും എന്തിനൊക്കെയോ ന്യായീകരിക്കാനുള്ള ഒരു ഉപാധിയായി കണക്കാക്കപ്പെടുന്നുണ്ടെന്നു കരുതുന്ന ചില കഥാപാത്രങ്ങള്‍ വന്നുപോകുന്നു.
'വൃത്തം' എന്ന കഥയാണ് ഈ പുസ്തകത്തിലെ ഏറ്റവും റീഡബിലിറ്റി കുറഞ്ഞ കഥയായി തോന്നിയത്. അക്കാദമിക രീതിയിലുള്ള ഒരു ആഖ്യാനമാണു ചിത്രങ്ങളും പട്ടികയും നിരത്തിവച്ചു പറയുന്ന കഥ. വ്യത്യസ്തത തോന്നുമെങ്കിലും അത്ര ജനപ്രിയമല്ലാത്ത ഒരു രീതി, വായനയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. 'പെണ്‍കുരിശ് ' എന്ന കഥാസമാഹാരത്തില്‍ 'ശരീരം ശാരീരം സാരീരം' എന്ന കഥയിലും ഈ രീതി അവലംബിച്ചിട്ടുണ്ട്. ശ്രമകരമായ വായന, മറ്റൊരു ആസ്വാദനതലത്തെ പരിചയപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago