മലേഷ്യയോടും 'പ്രതികാരം'
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയ മലേഷ്യക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ 'പ്രതികാര' നടപടികള്‍ തുടരുന്നു. മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി നിരോധിച്ചതിനു പുറമേ കൂടുതല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് വിവരം.
കശ്മിര്‍, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി നിരോധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും മലേഷ്യയാണ്.
ഇതു കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയുമാണ്. അതിനാല്‍, ഇന്ത്യയുടെ തീരുമാനം മലേഷ്യയ്ക്കു തിരിച്ചടിയായിരുന്നു. എന്നാല്‍, മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി നിരോധിച്ചതില്‍ ആശങ്കയുണ്ടെന്നു വ്യക്തമാക്കി രംഗത്തെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്, എന്നാല്‍ അതുകൊണ്ട് അഭിപ്രായം പറയുന്നതില്‍നിന്നു പിന്‍മാറില്ലെന്നും പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇലക്ട്രിക് ഉല്‍പന്നങ്ങള്‍, ഖനിമേഖല എന്നിവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. കശ്മിര്‍ വിഷയത്തിലെ വിമര്‍ശനത്തിനു പിന്നാലെയായിരുന്നു പാമോയില്‍ ഇറക്കുമതി നിരോധനം.
കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരേ ആദ്യമായി രംഗത്തുവന്ന രാജ്യം മലേഷ്യയായിരുന്നു. പൗരത്വ നിയമ ഭേദഗതിയിലും രൂക്ഷമായ വിമര്‍ശനമാണ് മലേഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൂടാതെ, സാക്കിര്‍ നായിക്കിനെ വിട്ടുനല്‍കാത്തതിലും ഇന്ത്യയും മലേഷ്യയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."