പാര്‍ലമെന്റ് ആക്രമണം: ദേവീന്ദര്‍ സിങിന്റെ പങ്ക് അന്വേഷിക്കും
ശ്രീനഗര്‍: കഴിഞ്ഞ ദിവസം തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ കശ്മിരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങിന് 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കുണ്ടോയെന്നത് അന്വേഷിക്കുമെന്നു കശ്മിര് പൊലിസ്. ദേവീന്ദര്‍ സിങിനെതിരായ കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറിയിട്ടുണ്ട്. ജമ്മു കശ്മിര് പൊലിസ് മേധാവി ദില്‍ബാദ് സിങാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തന്നെ കുടുക്കിയത് ദേവീന്ദര്‍ സിങായിരുന്നെന്ന അഫ്സല് ഗുരുവിന്റെ ആരോപണം നിലവില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേസിലെ പ്രതിയോടൊപ്പം ഡല്‍ഹിയിലേക്കു പോകാനും അവിടെ താമസ സൗകര്യം ഒരുക്കിക്കൊടുക്കാനും ദേവീന്ദര്‍ സിങ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി 2013ല്‍ തൂക്കിലേറ്റപ്പെടുന്നതിനു മുന്‍പ് അഫ്സല് ഗുരു വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു തീവ്രവാദികള്‍ക്കൊപ്പം ദേവീന്ദര്‍ സിങ് അറസ്റ്റിലായിരുന്നത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. സംഭവം വിവാദമായതോടെ, കഴിഞ്ഞ വര്‍ഷത്തെ പുല്‍വാമ ആക്രമണം പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."