വിദ്യാര്‍ഥികളേയും കൗമാരക്കാരേയും തേടിയുള്ള ലഹരി മരുന്ന് വില്‍പ്പന വ്യാപകം
ഒറ്റപ്പാലം: അധ്യയന വര്‍ഷം തുടങ്ങി രണ്ടാഴ്ച്ചയാകുമ്പോഴേക്കും വിദ്യാര്‍ഥികളേയും കൗമാരക്കാരേയും തേടിയുള്ള ലഹരി മരുന്ന് വില്‍പ്പന വ്യാപകമായി. കഞ്ചാവ് ബീഡികള്‍, നിരോധിച്ച പുകയിലയുല്‍പന്നങ്ങള്‍, മാനസികരോഗികള്‍ക്ക് നല്‍കുന്ന ചില മരുന്നുകള്‍, നിക്കോട്ടിന്‍ കൂടുതലുള്ള ആപ്യൂള്‍ പോലുള്ള ഗുളികകള്‍, മായ്ക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ്‌നര്‍ എന്നിവയാണ് വിദ്യാര്‍ഥികളിലേക്ക് കൂടുതല്‍ എത്തുന്ന ലഹരി ഉല്‍പന്നങ്ങള്‍.
നിരോധിക്കപെട്ട പുകയില ഉല്‍പന്നങ്ങള്‍ പലതും പേരും രൂപവും മാറി വിപണിയില്‍ ഉണ്ട്. പേരും രൂപവും മാറി വില്‍ക്കപെടുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ പരിശോധന നടത്തി കണ്ടെത്താന്‍ ഒരു നടപടിയും ഇല്ല.
കൂടാതെ നിരോധിക്കപെട്ട ഇത്തരം ഉല്‍പന്നങ്ങള്‍ പഴയപേരില്‍ തന്നെ വിദ്യാലയങ്ങളുടെ സമീപത്തെ ചില കടകളില്‍ രഹസ്യവില്‍പന നടത്തുന്നുണ്ട്. പേരിന് ഒരു റെയ്ഡ് നടത്തി ഇടക്ക് ഇവ പിടികൂടുന്നത് വാര്‍ത്തയാകാറുണ്ടെങ്കിലും വില്‍പന നടത്തുന്നവരുടെ പേരില്‍ വലിയ നടപടികള്‍ ഉണ്ടാകാറില്ല.പൊന്നാനി കേന്ദ്രീകരിച്ചും തമിഴ്‌നാട് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് , ഷൊര്‍ണൂര്‍, ഒറ്റപ്പാലം പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കഞ്ചാവ് എത്തിച്ച് പൊതികളാക്കി വില്‍പന നടത്തുന്നതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
എന്നാല്‍ മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളും നിക്കോട്ടിന്‍ കൂടുതലുള്ള ആപ്യൂള്‍ പോലുള്ള മരുന്നുകളും കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് പൊലിസ് ഉറപ്പാക്കിയിട്ടുണ്ട്. ഏത് സ്റ്റേഷനറി, പുസ്തകകടയിലും ലഭിക്കുന്ന ഒന്നാണ് കടലാസിലെ അക്ഷരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ്‌നര്‍.
ഇത് കൊച്ചു കുട്ടികള്‍ വരെ ലഹരിവസ്തുവായി ഉപയോഗിക്കുന്നുണ്ട്. ഇത് കര്‍ച്ചീഫിലോ, തുണിയിലോ ആക്കിയ ശേഷം ഉള്ളിലേക്ക് ആഞ്ഞുവലിക്കുമ്പോള്‍ ലഭിക്കുന്ന ലഹരി കടുത്തതാണ്. ഒരിക്കല്‍ ഉപയോഗിച്ചവര്‍ പോലും ഇതിന്റെ അടിമകളായി തീരുന്ന അവസ്ഥയുണ്ട്. ഇതിന്റെ അമിതമായ ഉപയോഗം മാനസികരോഗത്തിനും ശ്വാസകോശാര്‍ബുദത്തിനും കാരണമായി തീരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."