അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണം; പൊതുപണിമുടക്ക് ദിവസം കടകള്‍ തുറക്കും വ്യാപാരികള്‍
കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവില്‍ അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടികള്‍ വേണമെന്ന് വ്യാപാരികള്‍. വ്യാപാരികള്‍ക്കു നേരെ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികള്‍ എടുക്കണമെന്നാണ് കച്ചവടക്കാരും അവിടെയുള്ള തൊഴിലാളികളും ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസങ്ങളിലെ അക്രമങ്ങളില്‍ ഏര്‍പ്പെട്ടവരെ പൊലിസ് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ മിഠായിത്തെരുവിലുള്‍പ്പെടെ കടകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി ഭീഷണിപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിരുന്നു. കട തുറന്നാല്‍ ആക്രമിക്കുമെന്നുള്ള പ്രകോപനവും അന്നു നടത്തിയിരുന്നു. ഹര്‍ത്താല്‍ദിവസം കടകള്‍ തുറക്കാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ അക്രമികള്‍ മിഠായിത്തെരുവില്‍ അഴിഞ്ഞാട്ടം നടത്തിയിരുന്നു. കോയന്‍കോ ബസാറിലെ പതിനൊന്നോളം കടകള്‍ അടച്ചിട്ട അവസ്ഥയിലായിരുന്നിട്ടും ആക്രമിക്കപ്പെട്ടിരുന്നു. അക്രമസമയത്ത് വേണ്ടത്ര ജാഗ്രത പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിലും പിന്നീട് പൊലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന്‍ കടകള്‍ സന്ദര്‍ശിച്ചിരുന്നു. വ്യാപാരികള്‍ തങ്ങള്‍ക്ക് സംഭവിച്ച നഷ്ടം സംബന്ധിച്ച രേഖകള്‍ അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. എട്ട്, ഒന്‍പത് തിയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് ദിവസം കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കച്ചവടക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കടകള്‍ അടക്കണമെന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തവര്‍ പറഞ്ഞിട്ടില്ലെന്നും വ്യാപാരികള്‍ സൂചിപ്പിച്ചു. പണിമുടക്ക് ദിനത്തില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പൊലിസിനോടും അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."