അട്ടപ്പാടിയിലെ പല ഭാഗങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുന്നു
അഗളി: അട്ടപ്പാടിയിലെ പല ഭാഗങ്ങളിലും കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി മുള്ളി ആദിവാസി ഊരിന് സമീപം രണ്ട് വീടുകളാണ് കാട്ടാനക്കൂട്ടം തകര്‍ത്തതും വീട്ടിലെ അംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതും. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഷോളയൂര്‍ പഞ്ചായത്തിലെ കാരയൂര്‍ എന്ന സ്ഥലത്ത് ആടുമേച്ചുകൊണ്ടിരുന്ന മണിവേലന്‍ എന്ന ആദിവാസി കര്‍ഷകനെ കാട്ടാനക്കൂട്ടത്തിന്റെ ചവിട്ടേറ്റ് മരിച്ചിരുന്നു.
കൂടാതെ ദിവസവും ലക്ഷകണക്കിന് രൂപയുടെ വാഴയും തെങ്ങും അടങ്ങുന്ന കാര്‍ഷിക വിളകള്‍ കാട്ടാന നശിപ്പിക്കുന്നു. വൈദ്യുതവേലി പോലുള്ള സംവിധാനങ്ങള്‍ ചില കര്‍ഷകര്‍ സ്വന്തംചിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഇവ തകര്‍ക്കാനുള്ള വിദ്യകളും കാട്ടാനകള്‍ കണ്ടുപിടിച്ചു കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസം ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ രങ്കനാഥന്റെ വാഴത്തോട്ടത്തില്‍ വൈദ്യുത വേലി ഉണക്കമര കമ്പ് ഉപയോഗിച്ച് തകര്‍ത്താണ് കാട്ടാനകൂട്ടം വാഴകൃഷി നശിപ്പിച്ചത്. മണ്‍സൂണ്‍ കാലങ്ങളില്‍ തമിഴ്‌നാട്ടിലെ ഗോപനാരി വനപ്രദേശത്ത് നിന്നും കൂടപ്പെട്ടി ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ കീരിപ്പതി, കടമ്പാറ ഭാഗങ്ങളിലൂടെ കാട്ടാനകള്‍ മുത്തികുളം റിസര്‍വ് വനത്തിലേക്ക് കടക്കുക പതിവാണ്. എന്നാല്‍ മുത്തികുളം വനത്തിലേക്കുള്ള ആനത്താര കടന്നുപോകുന്ന അഗളി റേഞ്ചില്‍ ഉള്‍പ്പെടുന്ന പുലിയറ, ആനഗദ്ദ, കൊറവന്‍പ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ലോഡ് കണക്കിന് വന്‍മരങ്ങളാണ് മുറിച്ചുമാറ്റുന്നത്.
ഈ മരം മുറിക്കല്‍ ആനകള്‍ക്ക് മുത്തികുളം റിസര്‍വ്വ് ഫോറസ്റ്റിലേക്ക് പോകുന്നതിന് തടസം സൃഷ്ടിക്കുകയാണ്. അതുകൊണ്ട് തന്നെ ആനകള്‍ സാമ്പാര്‍ക്കോട്, കോട്ടത്തറ, മുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് നീണ്ടുകയും ആക്രമാസക്തരാകുകയും ചെയ്യുന്നു. ഏകദേശം 25 ഏക്കറോളം വനത്തോടുചേര്‍ന്നുള്ള പ്രദേശങ്ങള്‍ വെട്ടിവെളുപ്പിച്ചതായി പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസി സംഘടനകളും ആരോപിക്കുന്നു. വനംവകുപ്പിലെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ക്ക് മരം മുറിച്ചുമാറ്റുന്നതിന് കൂട്ടുനില്‍ക്കുന്നതായും പരാതിയുണ്ട്.
മുത്തികുളം വനമേഖലയുടെ റിസര്‍വ് പ്രദേശത്തുള്ള അനിയന്ത്രിതമായ മരംമുറി ഉടന്‍ അവസാനിപ്പിക്കണമെന്ന് അട്ടപ്പാടിയിലെ പരിസ്ഥിതി കൂട്ടായ്മയായ 'വരഗ' ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന് വരഗയുടെ പ്രതിനിധി കൈതവളപ്പില്‍ അനില്‍കുമാര്‍ പറഞ്ഞു. മണ്‍സൂണ്‍ കാലം കഴിയുന്നത് വരെയെങ്കിലും അടിയന്തിര ഇടപ്പെടല്‍ ഉണ്ടാവണമെന്ന് ഇതര സംഘടനകളും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."