നിപാ: സേവനമനുഷ്ഠിച്ചവരോട് സര്‍ക്കാര്‍ കാണിച്ചത് കൊടും വഞ്ചന
സലീം മൂഴിക്കല്‍
ചേവായൂര്‍: സംസ്ഥാനത്തു നിപാ വൈറസ് നിരവധി ജീവനെടുത്തപ്പോള്‍ സേവനത്തിനു സ്വയം സന്നദ്ധരായി വന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ആരോഗ്യവകുപ്പിന്റെ തീരുമാനം തികച്ചും വഞ്ചനാപരം. ആശുപത്രിയിലെ സ്ഥിരജീവനക്കാര്‍ പോലും പല കാരണങ്ങള്‍ പറഞ്ഞ് ലീവെടുത്തു പോയപ്പോള്‍ മരണത്തെ ഭയക്കാതെ ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിച്ച താല്‍ക്കാലിക ജീവനക്കാരെയാണു വാഗ്ദത്ത ലംഘനം നടത്തി സര്‍ക്കാര്‍ നിഷ്‌കരുണം പിരിച്ചുവിട്ടത്. സ്തുത്യര്‍ഹമായ സേവനം ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്ന് കോഴിക്കോട്ട് നടന്ന അഭിനന്ദന യോഗത്തില്‍ ജില്ലാ കലക്ടറെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷിനിര്‍ത്തി ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.അതേസമയം ജോലിസ്ഥിരത പ്രതീക്ഷിച്ചിരിക്കെ, അപ്രതീക്ഷിതമായി പിരിച്ചുവിടപ്പെട്ട 42 താല്‍ക്കാലിക ജീവനക്കാര്‍ ആശുപത്രിക്കു മുന്നില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിപാ താണ്ഡവ നൃത്തമാടിയ ആ കറുത്തദിനങ്ങളെ സൗകര്യപൂര്‍വം മറക്കുകയാണ് ആരോഗ്യ വകുപ്പ്.
പേരാമ്പ്രയിലെ ചങ്ങരോത്ത് സാബിത്തിന്റെയും സ്വാലിഹിന്റെയും മരണത്തോടെയാണു നിപാ വൈറസ് ഭീതിവിതച്ചത്. ഇതോടെ നാടും നഗരവും നിശ്ചലമായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളില്‍ ഭൂരിഭാഗം പേരെയും ഡിസ്ചാര്‍ജ് ചെയ്തു. പ്രത്യേക മെഡിക്കല്‍ സംഘത്തിനു രൂപം നല്‍കി. ആശുപത്രിയിലെ പല ജീവനക്കാരും ജോലിയെടുക്കാന്‍ ഭയന്നുനില്‍ക്കുമ്പോള്‍ തുച്ഛമായ വേതനത്തിനു ജോലിയെടുക്കാന്‍ തയാറായി വന്നവരാണ് ഇന്നു നിന്ദ്യമായ രീതിയില്‍ പുറത്താക്കപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ ജോലിക്കായി കൈനീട്ടുന്നത്. നിപയെ കീഴടക്കിയതിന്റെ പേരില്‍ ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞപ്പോള്‍, അമേരിക്കയിലെ ബാള്‍ട്ടി മോര്‍ വൈറോളജി ഇവര്‍ക്ക് സ്വീകരണമൊരുക്കുകയും ചെയ്തത് ഈ കരാര്‍ തൊഴിലാളികളുടെ കൂടി പങ്കുകൊണ്ടാണ്.
ആശുപത്രിയിലെ സ്ഥിരംജീവനക്കാര്‍ക്ക് പ്രശംസക്ക് പുറമെ ഇന്‍ക്രിമെന്റും പ്രമോഷനും കൊടുത്തപ്പോള്‍ ആപത്തുകാലത്ത് ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നവരെ ഇറക്കിവിട്ടത് ക്രൂരമാണെന്നാണു വിലയിരുത്തല്‍. ഐസൊലേഷന്‍ വാര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ ഉള്‍കിടിലമുണ്ടായിരുന്ന സമയത്ത് ഈ വാര്‍ഡില്‍ രോഗിക്കാവശ്യമായ ശുചീകരണം നടത്തിയതും നിപാ ബാധിച്ച് മരിച്ചവരെ അനുഗമിച്ചതും ആംബുലന്‍സില്‍ കയറ്റിയതും ഇവരായിരുന്നു. തങ്ങളെ കാത്തുകഴിയുന്ന എരിയുന്ന വയറിനപ്പുറം ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല മരണഭയമില്ലാതെ ഇവര്‍ സേവനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."