ദക്ഷിണ മേഖലയുടെ സുരക്ഷയ്ക്കായി സുഖോയ്-30 യുദ്ധവിമാനവും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇന്ത്യയുടെ ദക്ഷിണ മേഖലയുടെ സുരക്ഷയ്ക്കായി ഇനി സുഖോയ് -30 യുദ്ധവിമാനവും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച ഇരട്ട എന്‍ജിനുള്ള സുഖോയ്- 30 യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തനമാണ് വ്യോമസേനയുടെ ദക്ഷിണമേഖലാ കമാന്‍ഡിന്റെ കീഴിലും ആരംഭിക്കുന്നത്.
സുഖോയ് വിമാനത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന 222 സ്‌ക്വാഡ്രണ്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വ്യോമസേനാ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കുമെന്ന്് ദക്ഷിണ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ അമിത് തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ സ്‌ക്വാഡിന്റെ ഉദ്ഘാടനം ജനുവരി 20ന് തഞ്ചാവൂരില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കും.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് കരുത്തുപകരുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നിന്നായിരിക്കും.
ദക്ഷിണ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വ്യോമസേനയുടെ നേതൃത്വത്തില്‍ ഒരു കര- വ്യോമ ഫയറിങ് റെയ്ഞ്ച്, തഞ്ചാവൂരില്‍ കടലിനു മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കല്‍, തേജസ് വിമാനങ്ങളുമായി ചേര്‍ന്നുള്ള പരിശീലനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. സുഖോയ് എത്തുന്നതോടെ സമുദ്രനിരീക്ഷണം കൂടുതല്‍ ശക്തമാകും.
ദക്ഷിണവ്യോമസേനാ ആസ്ഥാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ വ്യോമത്താവളം സ്ഥാപിക്കുന്നതിനായി സ്ഥലമെടുപ്പ് നടത്തുമെന്നും നാലുവര്‍ഷത്തിനുള്ളില്‍ വികസനപദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും തിവാരി പറഞ്ഞു. തഞ്ചാവൂര്‍ വ്യോമസേനാ കേന്ദ്രത്തിന്റെ സ്‌റ്റേഷന്‍ കമാന്‍ഡര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രജുല്‍സിങ്, സുഖോയ് 30ന്റെ സ്‌ക്വാഡ്രന്‍ കമാന്‍ഡിങ് ഓഫിസര്‍ ക്യാപ്റ്റന്‍ മനോജ് ഗേര, പ്രതിരോധ വക്താവ് ധന്യ സനല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."