തിരുവനന്തപുരം-ദമാം സർവ്വീസിനൊരുങ്ങി ഇൻഡിഗോ; കുവൈത്-കണ്ണൂർ സർവ്വീസ് നിർത്താനൊരുങ്ങി ഗോ എയർ
റിയാദ്: തലസ്ഥാന നഗരിയിൽ നിന്നും കിഴക്കൻ സഊദി നഗരിയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ വരുന്നു. തെക്കൻ കേരളത്തിൽ നിന്നുള്ള ദമാം കേന്ദ്രീകരിച്ചുള്ള നിരവധി ആശ്വാസമായാണ് പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നത്. തെക്കൻ ജില്ലക്കാർക്കും തിരുവനന്തപുരം ജില്ലയുടെ സമീപ പ്രദേശത്തെ കന്യാകുമാരി ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിൽ നിന്നുള്ള യാത്രക്കാർക്കും ആശ്വാസമാകുന്നതാണ് ഇൻഡിഗോയുടെ നേരിട്ടുള്ള ഈ വിമാന സർവ്വീസ്. തിരുവനന്തപുരത്ത് നിന്നും കിഴക്കൻ സഊദിയിലെ ദമാമിലേക്കുള്ള യാത്രക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരമായാണ് ഇന്‍ഡിഗോ നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ഏഴു മുതലാണ് പുതിയ പ്രതിദിന സര്‍വ്വീസ് ആരംഭിക്കുക.
എല്ലാ ദിവസവും ഉച്ചക്ക് 01:55 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന സര്‍വ്വീസ് പ്രാദേശിക സമയം വൈകിട്ട് 05:05 മണിക്ക് ദമാമില്‍ എത്തിച്ചേരുന്ന സർവ്വീസ് തിരികെ പുലർച്ചെ 5.25 ന് ദമാമില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.35 ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഏറെ ആശ്വാസകരമായിരുന്ന ജെറ്റ് എയര്‍വേയ്സ് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തലാക്കിയ ശേഷം ദുരിതത്തിലായ യാത്രക്കാര്‍ക്ക് പുതിയ സര്‍വ്വീസ് ഏറെ ആശ്വാസമാകും. 20 കിലോ ബാഗേജ് മാത്രമാണ് പ്രാഥമികമായി ലഗേജ് അനുവദിച്ചിട്ടുള്ളത്. സർവ്വീസുകൾക്കുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കുവൈത്തിൽ നിന്നും കണ്ണൂരിലേക്കുള്ള പ്രതിദിന ഗോ എയർ സർവീസ് അവസാനിപ്പിക്കുന്നു. ഈ മാസം 24 മുതല്‍ മാര്‍ച്ച് 28 വരെയുള്ള കുവൈത്ത്‌സിറ്റി-കണ്ണൂർ ബുക്കിംഗ് നിര്‍ത്തിയിട്ടുണ്ട്. സമ്മര്‍ ഷെഡ്യൂളില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നു ഗോ എയര്‍ നൽകുന്ന വിവരം. ഏതാനും ദിവസം കുവൈത്ത് വിമാനത്താവളത്തില്‍ നേരിട്ട സാങ്കേതിക കാരണങ്ങള്‍മൂലം സര്‍വീസുകള്‍ നാല് മണിക്കൂര്‍ വരെ വൈകിയിരുന്നു. ഒരേ എയര്‍ക്രാഫ്റ്റ് തന്നെയാണ് കണ്ണൂര്‍–-കുവൈത്ത് സെക്ടറില്‍ സര്‍വീസ് നടത്തിയിരുന്നത്. കുവൈത്തില്‍ നിന്നുള്ള സര്‍വീസ് വൈകിയതു കണ്ണൂരില്‍ നിന്നുള്ള മടക്ക സര്‍വീസിനെയും ബാധിച്ചിരുന്നു. വിന്റര്‍ ഷെഡ്യൂളിന്റെ തുടക്കത്തില്‍ ഒക്ടോബറില്‍ ഇന്‍ഡിഗോയും കുവൈത്ത് സര്‍വീസ് നിര്‍ത്തിയിരുന്നു. ഇതോടെ വിന്റര്‍ ഷെഡ്യൂളില്‍ ബാക്കിയുള്ള 64 ദിവസം കണ്ണൂരില്‍ നിന്നു കുവൈത്തിലേക്കു നേരിട്ടു സര്‍വീസ് ഉണ്ടാകില്ല. ആഴ്ചയില്‍ ചൊവ്വ, ശനി എന്നീ രണ്ടു ദിവസങ്ങളിൽ ബഹ്‌റൈന്‍ വഴി കുവൈത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് കണക്ഷന്‍ സര്‍വീസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."