സിറിയയിലെ തുർക്കി ഇടപെടലിനെതിരെ സഊദി, അംഗീകരിക്കില്ലെന്ന് വിദേശ കാര്യ മന്ത്രി അറബ് പാർലമെന്റിൽ
റിയാദ്: സിറിയയിൽ തുർക്കിയുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ലെന്ന് സഊദി അറേബ്യ. ഈജിപ്‌തിലെ കയ്‌റോയിൽ നടന്ന അറബ് പാർലമെന്റ് സമ്മേളനത്തിലാണ് സഊദി അറേബ്യ നിലപാട് വീണ്ടും വ്യക്തമാക്കിയത്. അറബ് രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും അറബ് പാർലമെന്റ് സെഷനിൽ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. ഉത്തര സിറിയയിലെ തുർക്കി സൈനിക ഇടപെടലിനെതിരെ അറബ് രാജ്യങ്ങളുടെ സുവ്യക്തമായ നിലപാടിനൊപ്പം സഊദി അറേബ്യ നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര സിറിയയിലേക്ക് സൈന്യത്തെ അയച്ച് സൈനിക നീക്കത്തിലാണ് തുർക്കി.
അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ ഇടപെടരുതെന്നതാണ് സഊദി അറേബ്യയുടെ നിലപാട്. അറബ് രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നതാണ് സഊദി അറേബ്യയുടെ ആഗ്രഹം. സിറിയ, യെമൻ, ലിബിയ, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരങ്ങൾ കാണുന്നതിന് സഊദി അറേബ്യ ശ്രമങ്ങൾ നടത്തിവരികയാണ്. ലിബിയയിലെ പ്രതിസന്ധികൾ അതീവ ശ്രദ്ധയോടെയാണ് തങ്ങൾ വീക്ഷിക്കുന്നത്. ലിബിയയിൽ പരസ്പരം പോരടിക്കുന്ന വ്യത്യസ്ത കക്ഷികൾക്കിടയിൽ പൂർണ സമാധാനം സാധ്യമാകുന്നതിന് ദേശീയ സംവാദം സംഘടിപ്പിക്കണമെന്നും ലിബിയൻ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും സഊദി വിദേശ കാര്യ മന്ത്രി പറഞ്ഞു. ലിബിയയുടെ അഖണ്ഡത സംരക്ഷിക്കപ്പെടേണ്ടത് അതിപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി വെല്ലുവിളികളിലൂടെയാണ് മേഖല കടന്നുപോകുന്നത്. ഇവ ചെറുക്കുന്നതിന് അറബ് രാജ്യങ്ങൾ ഒരുമിച്ചുനിൽക്കണം. രാഷ്ട്രീയ പ്രക്രിയയും ഇക്കാര്യത്തിലുള്ള യു.എൻ രക്ഷാ സമിതി തീരുമാനം നടപ്പാക്കുകയുമാണ് സിറിയൻ സംഘർഷത്തിനുള്ള ഏക പോംവഴി. തീവ്ര മത ഗ്രൂപ്പുകൾ ചില അറബ് രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ചില രാജ്യങ്ങൾ ഭീകര ഗ്രൂപ്പുകളെ സ്‌പോൺസർ ചെയ്യുന്നതിനെതിരെ സഊദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."