പ്രളയ പുനരുദ്ധാരണം: കേരളത്തിനായി ഒരു ശതമാനം ജി.എസ്.ടി സെസ് അനുവദിക്കും
ന്യൂഡല്‍ഹി: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് അധികവിഭവ സമാഹരണത്തിന് ജി.എസ്.ടിയില്‍ ആഭ്യന്തരമായി ഒരു ശതമാനം സെസ് അനുവദിക്കാന്‍ തീരുമാനം. കേരളത്തിന്റെ നിര്‍ദേശത്തിനു മന്ത്രിതല സമിതിയിലാണ് അംഗീകാരം ലഭിച്ചത്. നിര്‍ദേശം പൂര്‍ണ അംഗീകാരത്തിനായി ജി.എസ്.ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കുമെന്നു ഞായറാഴ്ച യോഗശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സെസിന്റെ കാലയളവ്, ഉത്പന്നങ്ങള്‍, എത്ര വര്‍ഷം എന്നതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാം. കേരളം ആദ്യം ആവശ്യപ്പെട്ട കാര്യമാണ് നടപ്പാകുന്നത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ദേശീയതലത്തില്‍ സെസ് എന്ന നിര്‍ദേശം പ്രായോഗികമല്ലെന്നു യോഗം വിലയിരുത്തി. പല സംസ്ഥാനങ്ങളിലും ഇതു പല നികുതികള്‍ക്ക് വഴിതെളിക്കും. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയിരുന്നു.
പ്രളയ പുനര്‍നിര്‍മാണത്തിന് പുറത്തുനിന്നു വായ്പ എടുക്കാനുള്ള പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് അന്തിമ തീരുമാനമുണ്ടാകണം. പരിധി എത്ര ശതമാനം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിക്കും. കേരളത്തോടു അനുഭാവപൂര്‍വമായ സമീപനമാണു ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി അധ്യക്ഷനായ യോഗത്തിന്റേതെന്നു മന്ത്രി പറഞ്ഞു.
ഒന്നരക്കോടി വരെ വിറ്റുവരവുള്ള വാണിജ്യസംരംഭകര്‍ക്ക് അനുമാന നികുതി കൊണ്ടുവരാനും തീരുമാനമുണ്ട്. ഇതു നടപ്പിലായാല്‍ വ്യാപാരികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. സേവന രംഗത്ത് കോമ്പോസിഷന്‍ നികുതിയാണ് മറ്റൊന്ന്. നികുതി കുറയാന്‍ ഇത് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത കൗണ്‍സില്‍ യോഗം ജനുവരി പത്തിനു ചേരും.
സംസ്ഥാനത്തിന്റെ ലോട്ടറി രംഗം ഒരുകാരണവശാലും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കില്ലെന്നു യോഗത്തിനു മുമ്പ് മന്ത്രി വ്യക്തമാക്കി. 12 ശതമാനം എന്നത് 28 ശതമാനം ആക്കി ഏകീകരിച്ച് സംസ്ഥാനത്തേക്ക് ഇതര ലോട്ടറികച്ചവടക്കാരെ എത്തിക്കാനാണ് അണിയറ നീക്കം. ഇതിനെതിരേ കേന്ദ്ര ധനമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."