'ഇന്നലെയാണ് 'നാളേക്കുള്ള വഴികാട്ടി
നമ്മുടെ ലക്ഷ്യങ്ങള്‍ നാം നല്‍കുകയും എന്നിട്ട് അവയില്‍ നിന്ന് ഊരിച്ചാടുകയും തന്നിമിത്തം പിശാച് കൂട്ടുകാരനാവുകയും തദ്വാരാ വഴി പിഴച്ചവരില്‍ പെട്ടവനാകുകയും ചെയ്തവന്റെ ചരിത്രം അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ മൂലം അവനെ ഉന്നതസ്ഥാനത്തെത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഇഹലോകത്തേക്ക് ചായുകയും ദേഹിച്ഛയെ പിന്‍പറ്റുകയും ചെയ്തു. അപ്പോള്‍ അവന്റെ സ്ഥിതി നായയുടേതു പോലെയാണ്. അതിനെ നീ അക്രമിച്ചാല്‍ അത് നാക്ക് പുറത്തേക്ക് നീട്ടിയിടും; അതിനെ നീ ഒന്നും ചെയ്യാതിരുന്നാലും നാക്കു പുറത്തേക്കു നീട്ടിയിടും. നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിച്ച ജനതയുടെ ഉപമയാണത്. അതുകൊണ്ട് അവര്‍ ചിന്തിക്കുവാന്‍ ഈ ചരിത്രങ്ങള്‍ വിവരിച്ചുകൊടുക്കുക. (അഅ്‌റാഫ്. 175,176)
ചരിത്ര പഠനത്തിലേക്ക് നിര്‍ദേശം നല്‍കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. കഴിഞ്ഞകാലത്തെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്കുള്ള മാര്‍ഗദര്‍ശനമാണ്. ഗതകാലങ്ങളില്‍ മനുഷ്യരാശിക്ക് സംഭവിച്ച വികാസങ്ങളെ കുറിച്ചും പതനങ്ങളെ കുറിച്ചും പഠിക്കുമ്പോഴേ വര്‍ത്തമാനകാല ജീവിതവും ഭാവിയും ഭാസുരമാകൂ. ഗവേഷണങ്ങളും പഠനങ്ങളും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വളരുന്നതാണ്. അതിനാല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പഠനങ്ങള്‍ ഒരിക്കലും തകരാന്‍ പാടില്ല. ചരിത്ര പഠനത്തിന് ഇന്ന് പ്രസക്തി വര്‍ധിച്ചുവരികയാണ്. ചരിത്ര വക്രീകരണം ഒരു മഹാവിപത്തായി വളര്‍ന്നിരിക്കുന്നു. യഥാര്‍ഥ ചരിത്രത്തിന്റെ വാതിലുകളിലേക്ക് ജനങ്ങളെ നയിക്കാന്‍ കഴിയുന്നവനേ സമൂഹത്തില്‍ വിജയി ആകാന്‍ കഴിയൂ.
ഇന്ത്യന്‍ ചരിത്ര പശ്ചാത്തലങ്ങളെ വര്‍ഗീയ വത്കരിക്കാനും കീഴാള പിന്നാക്ക ജനതയെ അടിച്ചമര്‍ത്താനും നിരന്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് ചുമതല കൂടുകയാണ്. ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ഫാസിസ്റ്റ് ചരിത്രകാരന്മാര്‍, കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ എന്നിങ്ങനെ രണ്ട് വിധമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. താരതമ്യേന ആശ്വാസകരമായത് കമ്യൂണിസ്റ്റ് ചരിത്രമാണ്. എന്നാലും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിലൂന്നിയ യുക്തിവാദാധിഷ്ഠിത ചരിത്ര രചനയുടെ അബദ്ധങ്ങള്‍ അതില്‍പ്രകടമാണ്. ഇന്ത്യയിലെ മുസ്‌ലിം ചരിത്രങ്ങള്‍ തമസ്‌കരിക്കപ്പെടുന്നതിന്റെ കാരണം വേറെ തേടേണ്ടതില്ല.
ഒരു തലമുറയുടെ സമുദ്ധാരണത്തിന് ചരിത്രം അത്യാവശ്യമാണ്. മുസ്‌ലിം ചരിത്രങ്ങള്‍ പാടെ തമസ്‌കരിക്കപ്പെടുകയും പൊതു ഇടങ്ങളില്‍ അത് സാമാന്യവത്കരിക്കുകയും ചെയ്യുമ്പോള്‍ പല സത്യങ്ങളും പുറത്ത്കാണാതെ പോകുന്നു. ഇന്ത്യന്‍ പോരാട്ട ചരിത്രങ്ങളില്‍ മഖ്ദൂമുമാരെയും കോഴിക്കോട് ഖാസിമാരെയും മറച്ച് വെക്കാനുള്ള ത്വര നാം കാണുന്നതാണ്. എല്ലാ രംഗത്തും ഇത് പ്രകടമാണ്. സമുദായ സമുദ്ധാരണത്തിനുതകുന്ന ഉത്തേജകങ്ങളെ നിര്‍മിക്കേണ്ടത് അനിവാര്യമാണ്. അതിലൂടെയാണ് ഒരു ജനത ആവേശം നേടുന്നത്. എന്നാല്‍ നമുക്ക് ആവശ്യമുള്ളതിന് ആരെങ്കിലും ഉരുട്ടി വായിലാക്കിവെച്ച് തരുമെന്ന് കരുതി ഇരിക്കുന്നതാണ് സമുദായത്തിന് സംഭവിച്ച അബദ്ധം.
ചരിത്രത്തിലെ പുതുവായനകള്‍ നടന്ന് കൊണ്ടിരിക്കണം. വേറിട്ട ചിന്തകളുടെയും കാഴ്ചപ്പാടുകളുടേയും അടിസ്ഥാനത്തില്‍ ചരിത്രമെഴുത്തുകള്‍ നടക്കണം. ഇസ്‌ലാമിന്റെ യുദ്ധ ചരിത്രങ്ങള്‍ നിലവിലെ രീതിയനുസരിച്ച് വായിക്കുന്ന ആധുനികന് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേറെ വിശദീകരണം നല്‍കേണ്ടി വരുന്നു. അവകള്‍ നിര്‍മിച്ച കാലഘട്ടത്തില്‍ അങ്ങനെ മതിയായിരുന്നു. ഇന്ന് അതല്ല അവസ്ഥ. കേവലം വാളും പരിചയും എന്നതില്‍ നിന്ന് മാറി അണുബോംബ് യുഗത്തില്‍ യുദ്ധമെന്ന ചിന്ത ഉയരുന്നത് തന്നെ മഹാ വിനാശകാരിയായിട്ടാണ്. അപ്പോള്‍ കാലത്തിനനുസരിച്ച് ചരിത്രത്തിന്റെ പുനഃക്രമീകരണങ്ങള്‍ ഉണ്ടാവണം.
യുദ്ധ ചരിത്രങ്ങളില്‍ സാംസ്‌കാരിക ചരിത്രത്തിന് വന്‍ തോതിലുള്ള ഇടം നല്‍കണം. മധ്യകാലഘട്ടത്തിലെ ചരിത്ര രചനതന്നെ മതി എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ഇത് ഇനിയെങ്കിലും തിരിച്ചറിയാന്‍ സമുദായ നേതൃത്വം തയാറാകണം. ചരിത്രരംഗത്തേക്ക് കൂടുതല്‍ പ്രതിഭകളെ കണ്ടെത്താനും ആവശ്യമായ വിഭവങ്ങളൊരുക്കാനും സംവിധാനം കാണണം.
ചരിത്രപഠനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്ന സമയത്താണ് സര്‍വമേഖലകളിലും തകര്‍ച്ച നേരിടുന്നത്. ചരിത്രത്തെ ശാസ്ത്രീയമായി വിലയിരുത്താനുള്ള ഇബ്‌നു ഖല്‍ദൂന്റെ ചിന്തകളെ ആശ്രയിച്ചുകൊണ്ടാണ് ചരിത്രവികാസത്തിന് യൂറോപ്യന്‍ പണ്ഡിതന്മാര്‍ നീക്കം നടത്തിയത്. യൂറോപ്പ് ഈ രംഗത്ത് മുന്നേറാനും രാഷ്ട്രീയ, സാമ്പത്തിക മേല്‍ക്കോയ്മ നേടാനും സാധ്യമായത് ആ ചരിത്രപഠനങ്ങളാണ്.
ഓറിയന്റലിസ്റ്റുകള്‍ അവര്‍ക്കാവശ്യമുള്ള രീതിയില്‍ ചരിത്രം തിരുത്തിയെഴുതി. ഇസ്‌ലാമിക ചരിത്രങ്ങള്‍ വമ്പിച്ച തോതില്‍ വ്യഭിചരിക്കപ്പെട്ടു. ഇതിനെതിരേ ചെറിയ രീതിയിലുള്ള നീക്കങ്ങള്‍ നടന്നതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റം ഒന്നും ഉണ്ടായില്ല എന്നത് ഖേദകരമാണ്. ഇസ്‌ലാമോഫോബിയ വളരുന്ന കാലത്ത് ചരിത്രബോധം നാം നേടിയെടുക്കണം. മാപ്പിളപഠനങ്ങളെ കുറിച്ചും മലബാറിനെ കുറിച്ചും അറബിമലയാള സാഹിത്യത്തെകുറിച്ചുമൊക്കെ ധാരാളം പഠനങ്ങള്‍ നടക്കുന്ന സമയമാണിത്. മുസ്‌ലിം പൈതൃകത്തിന്റെ അടിവേരറുക്കാനുള്ള നീക്കങ്ങള്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതിരോധത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ സാധ്യമാകേണ്ടതുണ്ട്. അതിന് ഏറ്റവും വലിയ ആയുധം ചരിത്ര പഠനമാണെന്ന് നമുക്ക് തിരിച്ചറിവ് വേണം. അത് ഭാവിയിലെ തലമുറക്കുള്ള ഉത്തേജനം ആകുമെന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."