ഹജ്ജ്: സംവരണ സീറ്റുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം മുന്നില്‍
കൊണ്ടോട്ടി: ഹജ്ജ് ക്വാട്ട കുറവെങ്കിലും കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ സംവരണ സീറ്റുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം മുന്നില്‍. അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്കിയ സമയത്ത് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയ കേരളം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കിയ മെഹ്റമില്ലാതെയുള്ള സ്ത്രീകളുടെ വിഭാഗത്തിലും കൂടുതല്‍ അപേക്ഷകരെയുണ്ടാക്കി ഈ വര്‍ഷവും കൂടുതല്‍ സീറ്റ് സ്വന്തമാക്കി.
ഇന്ത്യയില്‍നിന്ന് 2279 അപേക്ഷകളാണ് മെഹ്റമില്ലാതെയുള്ള സ്ത്രീകളുടെ വിഭാഗത്തിലുണ്ടായിരുന്നത്. ഇതില്‍ 2011 പേരും ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 268 പേര് മാത്രമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളത്. കഴിഞ്ഞ വര്‍ഷം 1252 പേരാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഇതില്‍ 1124 പേരും കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു.70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍പെട്ടവര്‍ക്കും നേരിട്ട് ഹജ്ജിന് അവസരം നല്‍കുന്നുണ്ട്. ഈ വിഭാഗത്തില്‍ കേരളത്തില്‍നിന്ന് 1199 പേര്‍ക്കാണ് ഈ വര്‍ഷം അവസരം കൈവന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നൂറില്‍ താഴെ പേര്‍മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.
രണ്ട് വര്‍ഷം മുന്‍പ് വരെ തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നു. ഈ വിഭാഗത്തില്‍ കേരളത്തില്‍നിന്ന് അയ്യായിരം മുതല്‍ പതിനായിരം വരെ അപേക്ഷകരുണ്ടാവാറുണ്ട്. ഈ ആനുകൂല്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉപേക്ഷിച്ച വര്‍ഷം കേരളത്തില്‍ 12,000 പേര് അഞ്ചാം വര്ഷക്കാരായിരുന്നു. അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ കേരളത്തിന് പുറമെ ഗുജറാത്തില്‍ മാത്രമാണുണ്ടായത്. എന്നാല്‍ കേരളത്തിന്റെ പകുതി അപേക്ഷകര്‍ ഗുജറാത്തിലുണ്ടാവാറില്ല.
മുസ്ലിം ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാട്ട വീതിക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്നത് 6383 സീറ്റുകള്‍ മാത്രമാണ്. എന്നാല്‍ നേരിട്ട് ലഭിക്കുന്ന സംവരണ സീറ്റുകളില്‍ അപേക്ഷകള്‍ കൂടുതലുണ്ടാവുന്നതോടെ ഹജ്ജ് ക്വാട്ട വര്‍ധിക്കുകയാണ്. കേരളത്തിന് കഴിഞ്ഞ വര്‍ഷം 10,981 സീറ്റും 2017 ല്‍ 11,197 സീറ്റുകളുമാണ് ലഭിച്ചത്. എന്നാല്‍ ഈവര്‍ഷം ആദ്യഘട്ടത്തില്‍ തന്നെ 11,472 സീറ്റുകളാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."