മാവോയിസ്റ്റുകള്‍ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി വിവരം
നിലമ്പൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിന് ആഹ്വാനം നടത്താനും ഇതിനായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മാവോയിസ്റ്റുകള്‍ തയാറെടുക്കുന്നതായി സൂചന. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാവില്ലെന്ന ധാരണയിലാണ് പദ്ധതികള്‍ തയാറാക്കുന്നതും നിരന്തരമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് പൊലിസിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബഹിഷ്‌കരണത്തിന് ആക്കം കൂട്ടാന്‍ വിവിധയിടങ്ങളില്‍ തുടര്‍ച്ചയായി ക്ലാസുകള്‍ ഇവര്‍ സംഘടിപ്പിക്കുന്നത്. ആദിവാസികള്‍ക്ക് ഉള്‍പ്പെടെ ക്ലാസുകള്‍ക്ക് പുറമേ എല്ലാ മേഖലകളിലും ലഘുലേഖകള്‍, പോസ്റ്ററുകള്‍, നോട്ടിസുകള്‍, തെരഞ്ഞെടുപ്പ് വിരുദ്ധ സന്ദേശങ്ങള്‍ എന്നിവ പതിക്കാനാണ് നീക്കം. നാടുകാണി ദളം കമാന്‍ഡര്‍ വിക്രം ഗൗഡ, നാടുകാണി ദളത്തിലെ പ്രധാന പ്രവര്‍ത്തകനായ സോമന്‍, തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി സന്തോഷ്, കര്‍ണാടക സ്വദേശി ചന്ദ്രു, ഉണ്ണിമായ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് വയനാട്-നിലമ്പൂര്‍ വന മേഖലയില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് നാല് ദളങ്ങള്‍ രൂപീകരിച്ച ശേഷമുള്ള ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.
2014ലാണ് വയനാട്ടിലെ കബനി ദളത്തിന് പുറമേ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നാടുകാണി ദളവും പാലക്കാട് ഭവാനി, ശിരുവാണി ദളങ്ങളും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. 2016 നവംബര്‍ 24ലെ നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് വിരുദ്ധ പോസ്റ്ററുകളും ചിത്രങ്ങളും വിഡിയോകളും മറ്റും ധാരാളം ലഭിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വരുന്ന മൂന്ന് മാസക്കാലം വളരെ നിര്‍ണായകമാണെന്ന് മാവോയിസ്റ്റ് മേല്‍ഘടകം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനിടെ രണ്ടും മൂന്നും തവണ ഇവര്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, വനത്തിനുള്ളില്‍ തമ്പടിച്ചിരുക്കുന്ന ഇവരെ പെട്ടെന്ന് കണ്ടെത്താന്‍ പൊലിസിനു സാധിക്കുന്നില്ലെന്നതും ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം കൂടുതലായി ലഭിക്കുകയാണ്. എന്നാല്‍ നിലമ്പൂര്‍ വനമേഖലയില്‍നിന്ന് വയനാട്, പാലക്കാട് ജില്ലകളിലേക്ക് വനപാതയിലൂടെ രക്ഷപ്പെടാമെന്നതിനാല്‍ ഇവരെ പിന്തുടരുക ശ്രമകരമാണ്. മാവോയിസ്റ്റുകള്‍ എവിടെയെങ്കിലും എത്തി രക്ഷപ്പെട്ടാലുടന്‍ പൊലിസും നക്‌സല്‍ വിരുദ്ധ സേനയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും സ്ഥലത്തെത്തി തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ പരിശോധന നടത്താറുണ്ടെങ്കിലും കണ്ടെത്താറില്ല.
തങ്ങളുടെ രണ്ട് നേതാക്കള്‍ നിലമ്പൂര്‍ വനത്തില്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതിന് പ്രതികാരം വീട്ടുമെന്ന് മാവോയിസ്റ്റുകള്‍ പ്രതിജ്ഞയെടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റേഷനുകളിലും മറ്റും അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."